തിരുവനന്തപുരം: യുഡിഎഫ് വിട്ട മാണിയോട് മൃദുസമീപനവുമായി സിപിഐഎം. മാണിയോട് പ്രശ്നാധിഷ്ഠിത സഹകരണമാകാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മാണിയെ ഉള്‍പ്പെടുത്തുന്നത് ഇപ്പോള്‍ എല്‍ഡിഎഫിന്റെ അജണ്ടയിലില്ല. എന്‍ഡിഎയ്ക്കൊപ്പം പോയാല്‍ ബിഡിജെഎസിന്റെ ഗതിയായിരിക്കും മാണിക്കെന്നും അദ്ദേഹം പറഞ്ഞു.
കെ.എം മാണി യുഡിഎഫ് വിട്ടതിനെ സ്വാഗതം ചെയ്യുകയാണ്. മാണി യുഡിഎഫിന്റെ ജീര്ണതയില് നിന്ന് പുറത്തുവരണം. കേരളാ കോണ്‍ഗ്രസ് നേരത്തെ യുഡിഎഫ് വിടേണ്ടതായിരുന്നു. യുഡിഎഫിലെ മറ്റു കക്ഷികളും മാണിയുടെ വഴി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ വര്‍ഗീയ കക്ഷിയായി മാറ്റനിര്ത്താനല്ല തങ്ങള്‍ ശ്രമിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ പ്രശ്നാധിഷ്ഠിതമായി മുമ്പും സഹകരിച്ചിരുന്നു. മാണി സ്വീകരിക്കുന്ന നിലപാട് നോക്കിയായിരിക്കും സഹകരണം. അതിനര്‍ഥം ഉടന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫില്‍ എടുക്കുമെന്നല്ല. എന്നാല്‍ ഭാവി പ്രവചിക്കാനുമില്ല. അടിത്തറ വിപുലീകരിക്കാനുള്ള അവസരമായി എല്‍.ഡി.എഫ് ഇതിനെ കാണുകയാണ്. വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.
ഈ സാഹചര്യം മുതലെടുക്കാന്‍ എന്‍ഡിഎയെ അനുവദിക്കില്ല. ആര്‍എസ്എസ് അതിനുള്ള നീക്കം നടത്തുന്നുണ്ട്. ബി.ജെ.പിയോട് യോജിക്കാന്‍ കേരള കോണ്‍ഗ്രസിന് കഴിയല്ല. കേരള കോണ്‍ഗ്രസും സി.പി.എമ്മും യോജിക്കകുയും വിയോജിക്കുകയും ചെയ്തിട്ടുണ്ട്. സെപ്തംബര്‍ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കില്‍ മാണിക്കും പങ്കുചേരാം. യുഡി.എഫിന്റെ ഭാഗമായിരുന്നപ്പോഴും മാണിയുമായി സഹകരിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് മാണിയെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴ കേസില്‍ നിസ്പക്ഷമായ അന്വേഷണമായിരിക്കും നടക്കുക. മാണിക്കായി അന്വേഷണത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
മാണിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് കോടിയേരിയുടം പ്രതികരണം. കെ.എം മാണി അഴിമതിക്കാരന് തന്നെയാണെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് രംഗത്ത് എത്തിയത്. യുഡിഎഫിലെ അഴിമതിക്കാര്‍ എല്‍ഡിഎഫില്‍ വന്നാല്‍ വിശുദ്ധനാകില്ല. ചില നയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി പ്രവര്‍ത്തിക്കുന്നത്.
അത്തരക്കാര്‍ക്ക് മാത്രമെ മുന്നണിയില്‍ പ്രവേശനമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുടെ വിഴുപ്പുഭാണ്ഡം പേറുന്ന കെ.എം മാണിയെ ഇടതുമുന്നണിയില്‍ വേണ്ടെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഡിഎഫില്‍ നിന്ന് ചാടി എല്‍ഡിഎഫില്‍ എത്താമെന്ന കേരള കോണ്‍ഗ്രസിന്റെ മോഹം വ്യാമോഹമാണെന്ന പരാമര്‍ശത്തിന് കെ.എം മാണി ചരല്‍ക്കുന്ന് ക്യാംപിനുശേഷം മറുപടി കൊടുക്കുകയും ചെയ്തിരുന്നു.
Discussion about this post