റാസല്‍ ഖൈമ: റാസല്‍ ഖൈമയിലെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ 35 മില്യന്‍ ദിര്‍ഹം(ഏകദേശം 65 കോടി)യുടെ വ്യാജ ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസിന്റെ പ്രത്യേക വിഭാഗം നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇവരെ പിടികൂടിയതെന്ന് റാസല്‍ ഖൈമ പൊലീസ് മേധാവി അബ്ദുള്ള ഖമീസ് അല്‍ ഹദീദി വ്യക്തമാക്കി. കുറ്റവാളികളെ പിടിക്കാന്‍ സംഘം നടത്തിയ ഓപ്പറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
റാസല്‍ ഖൈമ പൊലീസിന്റെ സി.ഐ.ഡി വിഭാഗം കുറ്റവാളി സംഘത്തിന്റെ നീക്കം നിരീക്ഷിച്ച് വരികയായിരുന്നു. റാസല്‍ ഖൈമയിലെ തിരക്കേറിയ ജനവാസ കേന്ദ്രത്തിലെ ഒരു വില്ല കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ വിവിധ ഉത്പന്നങ്ങള്‍ ഇവിടെ സൂക്ഷിച്ച് വച്ചിരുന്നു. ഇവിടെ സൂക്ഷിച്ചിരുന്ന വ്യാജ ഉത്പന്നങ്ങള്‍ പിന്നീട് വിപണിയിലെത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇത് മണത്തറിഞ്ഞ സി.ഐ.ഡി വിഭാഗം ഇവരെ പിടികൂടുന്നതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ഇവര്‍ നടത്തിയ സായുധ ഓപ്പറേഷനിലൂടെ കുറ്റവാളി സംഘത്തില്‍ പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഇവിടെ സൂക്ഷിച്ചിരുന്ന ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയുമായിരുന്നു. ഇതു പോലെ തന്നെ സംഘത്തിന്റെ മറ്റൊരു ഒളിത്താവളത്തില്‍ നടത്തിയ ഓപ്പറേഷനിലും വ്യാജ ഉത്പന്നങ്ങള്‍ കണ്ടെത്തി.
ഇത്തരം വ്യാജ ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതും വില്‍ക്കുന്നതും നിയമവിരുദ്ധമാണെന്നും ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസിനെ അറിയിക്കണമെന്നും റാസല്‍ ഖൈമ പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗം തലവന്‍ മുഹമ്മദ് അബ്ദുള്ള അല്‍ ഖാസിമി അഭ്യര്‍ത്ഥിച്ചു.
[fb_pe url=”https://www.facebook.com/khaleejtimes/videos/10153802517032864/” bottom=”30″]
Discussion about this post