മുംബൈ: വൃക്ക തട്ടിപ്പ് കേസില്‍ മുംബൈയിലെ സ്വകാര്യ ആശുപത്രി സിഇഒയും ഡോക്ടര്‍മാരും അറസ്റ്റില്‍. വലിയ വൃക്ക തട്ടിപ്പ് സംഘത്തിലെ കണ്ണികളാണ് ഡോക്ടര്‍ എല്‍എച്ച് ഹിരാനന്ദാനി ഹോസ്പിറ്റലിലെ സിഇഒയും ഡോക്ടര്മാരുമെന്നാണ് പൊലീസ് സംശയിക്കുന്നത്. സിഇഒ ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരാണ് വൃക്ക വില്പന സംഘമായി പ്രവര്‍ത്തിച്ച് കോടികളുടെ അനധികൃത കച്ചവടം നടത്തിയത്.
ഹീരാനന്ദാനി ഹോസ്പിറ്റല്‍ സിഇഒ ഡോക്ടര്‍ സുജിത് ചാറ്റര്‍ജി, ഡോ.അനുരാഗ് നായ്ക് (മെഡിക്കല്‍ ഡയറക്ടര്‍), ഡോ. മുകേഷ് ഷേട്ടേ, ഡോ. മുകേഷ് ഷാ, ഡോ. പ്രകാശ് ഷെട്ടി എന്നിവരാണ് അറസ്റ്റിലായത്.
നിയമവിരുദ്ധമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയതായുള്ള വിവരം പുറത്തുവന്നതോടെയാണ് പൊലീസ് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയത്. അനധികൃതമായി വൃക്ക കച്ചവടം നടത്തുന്ന കിഡ്നി റാക്കറ്റിന്റെ പ്രവര്‍ത്തനം പൊലീസിന് വ്യക്തമായത്. ഇതോടെ സംഭവത്തില്‍ മുംബൈ പൊലീസ് കിഡ്നി റാക്കറ്റില്‍ ഉള്‍പ്പെടുന്ന 12 പേരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസമാണ് അനധികൃത ശസ്ത്രക്രിയയെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്. വൃക്കദാനത്തിനെത്തുന്നവരുടെ വിവരങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. വ്യാജരേഖകള്‍ ചമച്ച് ശസ്ത്രക്രിയ നടത്തുന്നതായി വ്യക്തമായതോടെയാണ് വൃക്ക തട്ടിപ്പിനെ കുറിച്ച് സംശയം ജനിച്ചത്. ജൂലൈയില്‍ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെ കുറിച്ച് ഹോസ്പിറ്റല്‍ അധികൃതരും അന്വേഷണം നടത്തുന്നുണ്ടെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് ആശുപത്രി വക്താക്കള്‍ പറയുന്നത്. അവയവങ്ങളുടെ വില്പന കരിചന്തയില്‍ എത്തിനില്‍ക്കുന്ന അവസ്ഥ രാജ്യത്ത് വലിയ നിയമവിരുദ്ധ സംഘങ്ങളുടെ നിര്‍മ്മിതിക്ക് കാരണമാകുന്നുണ്ട്.
Discussion about this post