ഗുവാഹത്തി: അസമിലെ ടിന്‍സുക്കിയ ജില്ലയിലെ ഗ്രാമത്തില്‍ വിഘടന വാദികള്‍ നടത്തിയ വെടിവയ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ആറോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഉള്‍ഫാ തീവ്രവാദികളാണെന്നാണ് കരുതുന്നതെന്ന് അസമിലെ പൊലീസ് മേധാവി മുകേഷ് സഹായ് വ്യക്തമാക്കി.
ജില്ലയിലെ ഫിലോബാരി ഗ്രാമത്തിലേക്കെത്തിയ നാല് തോക്കുധാരികള്‍ ഗ്രാമീണര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കുറ്റവാളികളെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്നും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുമ്പ് അസമിലെ കൊക്രജറില്‍ തിരക്കേറിയ ചന്തയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര് മരിച്ചിരുന്നു. സുരക്ഷാസേനയുടെ തിരിച്ചടിയില്‍ ഒരു തീവ്രവാദിയും മരിച്ചു. സംഭവത്തില്‍ 20 പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
Discussion about this post