തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടാനച്ഛന്റെ ബന്ധുവിനെകൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതായി പരാതി. ‘ഭര്‍ത്താവിന്റെ’ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട പതിനാലരവയസ്സുകാരിയാണ് വനിതാ സെല്‍ എസ്.ഐ.യുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യു.സി.) അംഗത്തിന്റെയും മുന്നില്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.
ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് പെണ്‍കുട്ടി വനിതാ സെല്ലിലേക്ക് വിളിച്ചത്. വീട്ടുകാര്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചെന്നും രക്ഷിക്കണമെന്നുമായിരുന്നു ഫോണ്‍. വനിതാ സെല്‍ എസ്.ഐ. സുശീലയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയപ്പോഴാണ് വിവരങ്ങള്‍ പുറത്തറിയുന്നത്.
കുട്ടിയുടെ മൊഴി ഇങ്ങനെ: തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി രണ്ടു മാസമായി തൊടുപുഴയില്‍ എത്തിയിട്ട്. അച്ഛന് ഉപേക്ഷിച്ചുപോയതാണ്. പുനര്‍വിവാഹിതയായ അമ്മ മലപ്പുറത്താണ് ജോലി ചെയ്യുന്നത്. പെണ്‍കുട്ടി അവിടെ ഒമ്പതാം ക്ലാസ് പഠനം പൂര്‍ത്തിയായി നിന്നപ്പോഴാണ് തൊടുപുഴയിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് വെങ്ങല്ലൂര്‍ സ്വദേശിയുമായി വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. അമ്മ ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സമ്മതിച്ചത്. സ്വകാര്യചടങ്ങായിട്ടാണ് വിവാഹം നടത്തിയത്.
രക്ഷപ്പെടാന്‍ അവസരം കിട്ടിയില്ല. നേരത്തെ അമ്മയോടൊപ്പം വാടകയ്ക്ക് താമസിച്ച വീട്ടില്‍ പെണ്‍കുട്ടിയും ‘ഭര്‍ത്താവും’ ബുധനാഴ്ച എത്തി. ഇവിടെവെച്ച് ഇയാള്‍ മദ്യപിച്ച് വഴക്കുണ്ടാക്കി. ഇതിനിടെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന പെണ്‍കുട്ടി ട്യൂഷന് സെന്ററില്‍ തന്നോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിന്റെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിക്കുകയും പെണ്‍കുട്ടി വനിതാ സെല്ലില്‍ വിളിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ സി.ഡബ്ലു.സി. അംഗത്തിന് മുമ്പില്‍ ഹാജരാക്കുകയും പ്രാഥമികമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഷെല്‍ട്ടര്‍ ഹോമിലുള്ള പെണ്‍കുട്ടിയില്‍ നിന്ന് വെള്ളിയാഴ്ച സി.ഡബ്ല്യു.സി. വിവരങ്ങള്‍ ശേഖരിക്കും. ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. കേസെടുത്തിട്ടില്ല.
Discussion about this post