ഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരെ പൊതുപണം ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ( സി.എ.ജി ) റിപ്പോര്‍ട്ട്. നികുതിപ്പണം ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാര്‍ സ്വന്തം പാര്‍ട്ടിക്ക് പ്രചാരണം നടത്തിയെന്ന ആരോപണമാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. 33.4 കോടിയോളം രൂപ പാര്‍ട്ടിയുടെ പ്രചാരണത്തിനായി സര്‍ക്കാര്‍ വിനിയോഗിച്ചുവെന്നും ഇതില്‍ 85 ശതമാനവും മറ്റ് സംസ്ഥാനങ്ങളിലാണ് ചിലവഴിച്ചതെന്നും 55 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.എ.പി അധികാരത്തില്‍ എത്തിയ ആദ്യ വര്‍ഷമാണ് ഇത്തരത്തില്‍ പണം ഉപയോഗിച്ചത്. പൊതുപണം ഉപയോഗിച്ച് നല്കിയ ടെലിവിഷന്‍ പരസ്യത്തില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പ്രദര്‍ശിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നല്കിയ പരസ്യങ്ങളില്‍ എ.എ.പി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രവര്‍ത്തനങ്ങളുമാണ് വിശദീകരിച്ചത്. പരസ്യങ്ങള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ ചിലവഴിച്ചിട്ടുള്ള 526 കോടിയില്‍ 100 കോടിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
70 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടി മാത്രം ഡല്‍ഹി സര്‍ക്കാര്‍ വിനിയോഗിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കാക്കിയ തുകയേക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഡല്‍ഹിയില്‍ മൂന്ന് പാലങ്ങള്‍ നിര്‍മ്മിച്ചുവെന്ന എ.എ.പി സര്‍ക്കാരിന്റെ അവകാശവാദത്തേയും സി.എ.ജി ചോദ്യം ചെയ്യുന്നുണ്ട്. 350 കോടിയാണ് പാലങ്ങള്‍ നിര്‍മിക്കാനായി വകയിരുത്തിയത്. എന്നാല്‍ ഇതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് പാലം പണി തീര്‍ത്തെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. അതേസമയം പാലങ്ങളില്‍ നിര്‍ദ്ദേശിക്കപ്പെട്ട പണികള്‍ അവശേഷിക്കുന്നതിനാല്‍ ഇത്തരമൊരു അവകാശവാദം വ്യാജമാണെന്നാണ് സി.എ.ജി പറയുന്നത്.
മുമ്പ് അഞ്ച് കോടിക്ക് പ്രാഥിക ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മ്മിച്ചിരുന്ന സ്ഥാനത്ത് 20 ലക്ഷം മുടക്കി അവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്ന സര്‍ക്കാരിന്റെ അവകാശ വാദത്തിനും തെളിവില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴിത്തി വച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷമായ ബി.ജെ.പി ആരോപിക്കുന്നത്. റിപ്പോര്‍ട്ടിലെ ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടില്ല എന്നാണ് എ.എ.പി സര്‍ക്കാര്‍ പറയുന്നത്.
Discussion about this post