ശ്രീനഗര്‍: കശ്മീരില്ലാത്ത ഇന്ത്യ അപൂര്‍ണമാണെന്നും കശ്മീരില്ലാതെ ഇന്ത്യയ്ക്ക് ഭാവിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പറഞ്ഞ രാജ്നാഥ് സിങ് കശമീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പറഞ്ഞു. കശ്മീരില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീര്‍ രാജ്യത്തിന്റെ മുഴുവന്‍ ആശങ്കയാണെന്നും കശ്മീരിലെ ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ 95% ജനങ്ങളും സമാധാനം ആഗ്രഹിക്കുന്നവരാണെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു. അക്രമം നടത്തുന്നത് അഞ്ചുശതമാനം മാത്രമാണെന്ന് മെഹ്ബൂബ പറഞ്ഞു. കുട്ടികളെ കവചമാക്കി ആക്രമം നടത്തുയാണെന്ന് പറഞ്ഞ മെഹ്ബൂബ മുഫ്തി വാര്‍ത്താസമ്മേളനത്തിനിടെ ക്ഷുഭിതയായി.
കശ്മീരില്‍ താന്‍ കണ്ട എല്ലാവരും സമാധാനമാണ് ആവശ്യപ്പെടുന്നത്. ഇരുപതോളം പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തി. എല്ലാവരും സമാധാനം ആഗ്രഹിക്കുന്നു. 300 പേരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ആര്‍ക്കൊക്കെയാണോ ചര്‍ച്ചകള്‍ നടത്താന്‍ ആഗ്രഹം, അവരുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് കശ്മീരില്‍ വരുന്നതിന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളെ വഴിതെറ്റിക്കുന്നവരെ നമ്മള് തിരിച്ചറിയണമെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി കൈയ്യില്‍ കല്ലേന്തുന്ന യുവാക്കളെ പഠനത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നോഡല്‍ ഓഫീസറിനെ നിയോഗിക്കുമെന്നും കശ്മീരിലേക്ക് സര്‍വ്വകക്ഷി സംഘത്തെ അയയ്ക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ രാജ്നാഥ് സിങ് പറഞ്ഞു.
അതേസമയം യുവാക്കളെ കവചങ്ങളാക്കി ഭീകരര്‍ തെരുവിലിറങ്ങുന്നതായി മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു. അവര്‍ നമ്മുടെ കുട്ടികളെ കുഴപ്പത്തിലാക്കാനാണ് ശ്രമിക്കുന്നതെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു രാജ്നാഥ് സിങ്ങ്. കശ്മീര്‍ സംഘര്‍ഷത്തില്‍ ഇതുവരെ 69 പേര് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
Discussion about this post