അടിമാലി: പത്തുവയസുകാരന് നൗഫലിന് അതിക്രൂരമായ പീഡനമേറ്റ കേസില്‍ അറസ്റ്റിലായ മാതാവ് സെലീനയെ വിയ്യൂര്‍ വനിതാ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു. മൂന്നു മാസം പ്രായമുള്ള കൈക്കുഞ്ഞിനെ അമ്മയ്ക്കൊപ്പം വിട്ടു. ഇന്നലെ രാവിലെ ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിന്റെ നിര്‍ദേശാനുസരണം എസ്.ഐ: ലാല്‍ സി. ബേബിയുടെ നേതൃത്വത്തില്‍ വനിതാ പോലീസ് ഓഫീസര്‍മാരായ ഖദീജ, നസീമ തുടങ്ങിയവര്‍ വാഴത്തോപ്പ് സ്വതര്‍ ഹോമിലായിരുന്ന സെലീനയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൈക്കുഞ്ഞുമായി സെലീനയെ കൂമ്പന്‍പാറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനു ശേഷം അടിമാലി കോടതിയുടെ ചുമതല വഹിക്കുന്ന ദേവികുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. സെപ്റ്റംബര്‍ എട്ടു വരെ റിമാന്‍ഡ് ചെയ്താണ് മജിസ്ട്രേറ്റ് രശ്മി ബി. ചിറ്റൂര്‍ ഉത്തരവിട്ടത്.
സെലീനയില്‍ നിന്ന് അപേക്ഷ എഴുതി വാങ്ങിയതിനു ശേഷമാണ് കുഞ്ഞിനെ അവര്‍ക്കൊപ്പം ജയിലിലേക്കു വിട്ടത്. എട്ടു വയസുള്ള രണ്ടാമത്തെ മകനെ താല്‍ക്കാലികമായി വാഴത്തോപ്പിലെ സ്വതര്‍ ഹോമില്‍ താമസിപ്പിച്ചിരിക്കുകയാണ്.
കഞ്ചാവു കേസില്‍ റിമാന്‍ഡിലുള്ള പിതാവ് നസീര്‍ ജയിലില്‍ മാനസിക വിഭ്രാന്തി കാണിച്ചതിനെ തുടര്‍ന്ന് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ബാലപീഡനക്കേസില്‍ അറസ്റ്റ് രേഖപ്പെടുത്താനായി പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
സാരമായ പരുക്കുകളോടെ നൗഫല്‍ എറണാകുളം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. നൗഫലിന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനും കേസ് അവലോകനത്തിനുമായി എറണാകുളം ജില്ലാ കലക്ടര്‍ ഇന്ന് എറണാകുളത്ത് യോഗം വിളിച്ചിട്ടുണ്ട്. കുട്ടിയുടെ ചികിത്സ, പരിചരണം, പുനരധിവാസം എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കും.
Discussion about this post