തിരുവനന്തപുരം: സെപ്റ്റംബര്‍ രണ്ടിനു നടക്കുന്ന പൊതുപണിമുടക്കില്‍ അണിചേരാന്‍ ആഹ്വാനം ചെയ്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കേണ്ട മുഖ്യമന്ത്രിതന്നെ പണിമുടക്കിന് ആഹ്വാനം ചെയ്തത് നിയമലംഘനമാണെന്നും മുഖ്യമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റാണ് വിവാദമായത്. സെപ്റ്റംബര്‍ രണ്ടിന്റെ പൊതുപണിമുടക്കിനെ പിന്തുണയ്ക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. പണിമുടക്കിന് മുന്നോടിയായി സിപിഎം കേന്ദ്രകമ്മിറ്റി നവമാധ്യമങ്ങളില്‍ നടത്തുന്ന പ്രചാരണങ്ങളില്‍ പങ്കെടുക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
ഒരു മണിക്കൂര്‍ ജോലി തടസപ്പെടുത്തി സര്‍ക്കാര്‍ ജീവനക്കാര്‍ പൂക്കളമിടുന്നതിനെ ചോദ്യംചെയ്ത മുഖ്യമന്ത്രി 24 മണിക്കൂറിന്റെ പണിമുടക്കിനെ പിന്തുണയ്ക്കുന്നതിലാണ് ബിജെപി അമര്‍ഷം രേഖപ്പെടുത്തിയത്. പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post