ലൗഡര്‍ഹില്‍: രണ്ടാം ട്വന്റി20 ക്രിക്കറ്റ് മഴമുടക്കിയതോടെ ഇന്ത്യക്കെതിരെ അമേരിക്കന്‍ മണ്ണില്‍ വിന്‍ഡീസിന് പരമ്പര ജയം. രണ്ടാമങ്കത്തില്‍ ആദ്യം ബാറ്റുചെയ്ത വിന്‍ഡീസിനെ 19.4 ഓവറില്‍ 143 റണ്‍സിന് ഓള്‍ഔട്ടാക്കിയ എം.എസ്. ധോണിയുടെ സംഘം വിജയപ്രതീക്ഷയോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയെങ്കിലും മഴ തടസ്സമായി. രണ്ട് ഓവര്‍ ബാറ്റ് ചെയ്ത് വിക്കറ്റൊന്നും നഷ്ടമാവാതെ 15 റണ്‍സെടുത്തപ്പോഴാണ് മഴയെത്തിയത്. ഒരു മണിക്കൂറിലേറെ കളി തടസ്സപ്പെട്ടതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ, ആദ്യ ഏകദിനത്തിലെ ജയത്തോടെ വിന്‍ഡീസ് പത്തിന് പരമ്പര സ്വന്തമാക്കി.
ആദ്യ മത്സരത്തില്‍നിന്ന് വ്യത്യസ്തമായി മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ജോണ്‍സണ്‍ ചോള്‍സ് (43) മാത്രമാണ് വിന്‍ഡീസ് നിരയില്‍ പിടിച്ചുനിന്നത്. സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം ടീമില്‍ ഇടംപിടിച്ച ലെഗ്‌സ്പിന്നര്‍ അമിത് മിശ്ര 12 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റ് പിഴുതപ്പോള്‍ രവിചന്ദ്ര അശ്വിനും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും രണ്ടു വികറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാറിനാണ് ശേഷിക്കുന്ന വിക്കറ്റ്.
ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കം ആവര്‍ത്തിക്കാന്‍ ആതിഥേയര്‍ക്കായില്ല. ഒരുവശത്ത് ചാള്‍സ് തകര്‍ത്തടിച്ചെങ്കിലും മറുവശത്ത് ആരും കാര്യമായ പിന്തുണ നല്‍കാനുണ്ടായില്ല. ആദ്യ കളിയിലെ സെഞ്ച്വറി വീരന്‍ എവിന്‍ ലൂയിസ് (ഏഴ്), സ്ഥാനക്കയറ്റം കിട്ടിയ മര്‍ലോണ്‍ സാമുവല്‍സ് (അഞ്ച്) എന്നിവര്‍ പെട്ടെന്ന് മടങ്ങി. ലെന്‍ഡല്‍ സിമ്മണ്‍സ് (19) പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. അതിനിടെ തകര്‍ത്തടിച്ച് മുന്നേറിയിരുന്ന ചാള്‍സും മടങ്ങിയതോടെ വിന്‍ഡീസ് തളര്‍ന്നു. 25 പന്തില്‍ രണ്ടു സിക്‌സും അഞ്ചു ഫോറുമടിച്ച ചാള്‍സിനെ മിശ്രയാണ് മടക്കിയത്. ലൂയിസ് ഷമിക്ക് മുന്നില്‍ വീണപ്പോള്‍ സിമ്മണ്‍സിനെ അശ്വിനും സാമുവല്‍സിനെ ബുംറയും പറഞ്ഞയച്ചു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയുടെ രോഹിത് ശര്‍മയും (10), അജിന്‍ക്യ രഹാനെയുമായിരുന്നു (4) ക്രീസില്‍.
Discussion about this post