റോം: ലിബിയന്‍ കടലില്‍നിന്നും 3000 അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയെന്ന് ഇറ്റാലിയന്‍ നാവികസേന. ലിബിയയിലെ സബ്രാത്തയില്നിന്നും 20 കിലോമീറ്റര്‍ മാറിയാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. 20 ഓളം തടി ബോട്ടുകളിലാണ് അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്നത്. സൊമാലിയ, എറിട്രാ എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നതെന്ന് ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയും ഇതേ സ്ഥലത്തുനിന്ന് 1,100 ഓളം അഭയാര്‍ഥികളെ ഇറ്റാലിയന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
അനധികൃത കുടിയേറ്റത്തിനു ശ്രമിച്ച 750 അഭയാര്‍ഥികള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി മരിച്ചിരുന്നു. കലാപങ്ങളും സംഘര്‍ഷങ്ങളും തുടരുന്ന ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും ആയിരക്കണക്കിനാളുകളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറുന്നതിനായി കടല്‍ വഴി യാത്രപുറപ്പെടുന്നത്. മോശം കാലാവസ്ഥയും, സുരക്ഷിതമല്ലാത്ത ബോട്ടുകളും കപ്പലുകളും യാത്രയ്ക്ക് ഉപയോഗിക്കുന്നതും കാരണം പലപ്പോഴും ഇത്തരം യാത്രകള്‍ ദുരന്തത്തില്‍ കലാശിക്കുകയാണ് പതിവ്.
Discussion about this post