സ്നേഹപൂര്‍വ്വം ചോദിക്കട്ടെ..ഇവരെ നിങ്ങള്‍ എന്തിനാണ് ഈ പെരുമഴയത്ത് നിര്‍ത്തുന്നത്. അവര്‍ നിങ്ങളുടെ സഹോദരിയല്ലേ..മകളല്ലേ….ഒരു ചെറിയ തെററിന് നിങ്ങളവരെ എന്തിനാണ് തെരുവില്‍ വലിച്ചെറിയുന്നത്..അവരങ്ങനെ ആയതില്‍ ഒരു പങ്കും നിങ്ങള്ക്കില്ലെന്നാണോ…? കൈപിടിച്ച് നിങ്ങളിലേക്ക് ചേര്‍ക്കുന്നതിന് പകരം മാലിന്യക്കുഴിയിലേക്കും, അധോലോകത്തേക്കും അവരെ വലിച്ചെറിഞ്ഞ കുറ്റത്തിന് കാലം നിങ്ങളെ വിചാരണ ചെയ്യും…
കേരളത്തില്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്ന പെണ്‍വാണിഭക്കേസുകള്‍, സ്വര്‍ണക്കടത്ത് സംഭവങ്ങള്‍, മയക്ക് മരുന്നു കേസുകള്‍..എത്ര കേസുകള്‍ മാധ്യമങ്ങളിലൂടെ നിങ്ങള്‍ കേട്ടിട്ടുണ്ട്…പിടിക്കപ്പെടുന്ന കേസുകളില്‍ ചിലത് മാത്രം ഇവിടുത്തെ മാധ്യമങ്ങള്‍ ആആഘോഷമാക്കുന്നത് എന്ത് കൊണ്ടാണ്…കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് വേട്ടകള്‍ ഒറ്റക്കോളം വാര്‍ത്തയിലും, ഒറ്റ നോട്ടം വാര്‍ത്തയിലും ഒതുക്കുന്ന മാധ്യമങ്ങള്‍ ചില വാര്‍ത്തകള്‍ക്ക് പിറകെ പായുന്നത് എന്തിനാണ്….?
ഉത്തരം എല്ലാവര്‍ക്കുമറിയാം..കേസിലെ പ്രതികള്‍ പെണ്‍കുട്ടികളോ സെലിബ്രറ്റികളോ ആയത് കൊണ്ട് മാത്രമാണീ പാച്ചില്‍. നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസ്, ബ്ലാക് മെയില്‍ സെക്സ് റാക്കറ്റ് കേസ്, ഇപ്പോഴും സജീവ ചര്‍ച്ചയായ കൊക്കൈയ്ന്‍ കേസ്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിന് ദിശാബോധം നല്കുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനും, ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങളെ കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുന്നതിനും പകരം, കേസില്‍ പിടികൂടിയ ‘സുന്ദരിമാരുടെ’ ജീവിതത്തെ വര്‍ണിച്ചും, വീണ്ടും വീണ്ടും അവരുടെ വസ്ത്രം ഉരിഞ്ഞു മാധ്യമമൃഗീയതയുടെ ക്രൂരകൗശലങ്ങളില് അഭിരമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
കൊക്കൈയ്ന്‍ കേസിലെ ഒന്നാം പ്രതിയും രണ്ടാം പ്രതിയും നാലാം പ്രതിയും സുന്ദരിമാര്‍..മൂന്നാം പ്രതി സെലിബ്രറ്റി…ഒന്നാം പ്രതിയായ മോഡലിന്റെ ഫ്ലാറ്റില്‍ നിന്ന് ഇവര്‍ക്കെല്ലാം ഒപ്പം റെയ്ഡുകാരായ പോലിസുകാര്‍ക്ക് കൊക്കെയ്നും ലഭിക്കുന്നു.. ആഘോഷിക്കാന്‍ മാധ്യമങ്ങള്‍ക്കും. കണ്ടും, വായിച്ചും രസിക്കാന്‍ നമുക്കും മറ്റെന്ത് വേണം..പെണ്‍കുട്ടികളെ വസ്ത്രാക്ഷേപം ചെയ്ത് സന്തോഷിക്കുന്ന ദുശ്ശാസന മനസ്സായല്ലോ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക്. അതെല്ലാം കണ്ട് സഹിക്കുന്ന കൗരവ സദസ്സായല്ലോ നമ്മള് ഉള്‍പ്പെടുന്ന സമൂഹം എന്ന് പരിതപിക്കുകയല്ലാതെ എന്ത് ചെയ്യും.
ഉന്നത കുടുംബത്തില്‍ പിറന്നവരാണ് പിടിയിലായ ആരോപണവിധേയര്‍. അവര്‍ എത്തിപ്പെട്ട ജീവിത സാഹചര്യം കൂടിയാണ് അവരെ ഈ കേസില്‍ പിടിലാകുന്ന സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന് ആര്‍ക്കുമറിയാം.. ആരാണ് അവരെ ഇവിടെ എത്തിച്ചത് എന്ന് നമ്മള് ആരോടെങ്കിലും(നമ്മളോടെങ്കിലും) ചോദിക്കണ്ടേ…പിടിയിലായ ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് നിങ്ങളുടെ മകളെ, അല്ലെങ്കില്‍ സഹോദരിയെ ഒന്ന് സങ്കല്പിച്ചു നോക്കു..ജോലിയുടെ ഭാഗമായി
അവള് എത്തരത്തിലാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് അവള് നിങ്ങളോട് പറയാതിരിക്കുന്നത്. അവളെ നിങ്ങളെത്തിച്ച ജീവിത സമര സാഹചര്യം കൊണ്ട് കൂടിയല്ലേ…
ഒരപകടം വരുമ്പോള്‍ അവരെ തിരിച്ചെത്തിക്കാനല്ലേ നിങ്ങള്‍ ശ്രമിക്കേണ്ടത്…അവളൊരു പെണ്ണായത് കൊണ്ട് മാത്രം അവളെ തെരുവിലേക്ക് വലിച്ചെറിയാന്‍ മാത്രം നിങ്ങളെന്തിനിത്ര ക്രൂരരാകുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരെ മറ്റുള്ളവരുടെ കണ്ണ് കൊണ്ട് നിങ്ങള്‍ നോക്കുന്നത് മനോരോഗമല്ലേ…
കൊക്കൈയ്ന്‍ കേസിലേക്ക് വരാം..സിനിമ ബന്ധമാണ് കേസിന്റെ ഹൈലൈറ്റ്. ഈ പെണ്‍കുട്ടികള്‍ കരിയറിന്റെ ഭാഗമായാണ് വീട് വിട്ട് നില്‍ക്കുന്നത്. ഇതാണ് ജീവിതം എന്ന് പഠിപ്പിക്കുന്ന അല്ലെങ്കില്‍ അതിന് പ്രേരിപ്പിക്കുന്ന ഒരു ലോബി അവര്‍ക്ക് ചുറ്റുമുണ്ട്. അവരെ വലയിട്ട് പിടിക്കാനും, ഉപയോഗിക്കാനും, എന്തിന് ആവശ്യം കഴിഞ്ഞാല്‍ എങ്ങനെ പുറം തള്ളണമെന്നും കൃത്യമായി അറിയുന്ന പ്രൊഫഷണല്‍സ് ആണ് അവര്‍.. ഫ്ലാറ്റില്‍ കൊക്കെയ്ന്‍ കൂടെയുള്ള വ്യക്തി, കൊണ്ട് വന്നാലും പിടിക്കപ്പെടുക തങ്ങളാണെന്ന് ആ പെണ്‍കുട്ടിയ്ക്ക് പക്ഷേ മനസ്സിലായിട്ടുണ്ടോകുക അവള് ജയിലില്‍ കിടക്കുമ്പോഴായിരിക്കും. പല തിരിച്ചറിവും വൈകിയെത്തുമ്പോഴേക്കും അവരെ സമൂഹവും വീട്ടുകാരും പടിയടച്ച് പിണ്ഡം വച്ചിട്ടുണ്ടാകും..
കൂട്ടത്തിലെ ആണ്പ്രതിയുടെ സുവിശേഷം പറയാനും, നഷ്ടപ്പെട്ട ഇമേജ് തിരിച്ച് പിടിക്കാനും അവരുടെ കുടുംബവും, സുഹൃത്തുക്കളും സോഷ്യല്‍ മീഡിയ മാധ്യമ മാനേജ്മെന്റുമായി രംഗത്തിറങ്ങും. മകനെ ചിലര്‍ ഇരയാക്കി എന്ന നിലവിളിയുമായി മാതാപിതാക്കള്‍ ജന മനസ്സുകളില്‍ ഓളമുണ്ടാക്കും. സോഷ്യല്‍ മീഡിയ സിന്‍ഡിക്കേറ്റ് രക്ഷസാക്ഷിത്വ പരിവേഷം നല്‍കും.അവന് പുറത്തെത്തിയാല്‍ സ്വീകരണം വരെ ഒരുങ്ങും. അവന് ആണ്‍കുട്ടി എന്ന വീരാരാധനയുമായി ഫാന്‍സ് ക്ലബുകാരുടെ എണ്ണം കൂടും..
അന്നാല്‍ അവളോ…അവളുമാര് പിഴകള്‍…ഇരകള്‍ വീണ്ടും ഇരകളാകുന്ന ക്രൂരതയെ നമ്മള് എന്റെ പേരിട്ട് വിളിയ്ക്കും…
പലപ്പോഴും പിടിക്കപ്പെടുന്ന പെണ്‍കുട്ടികളെല്ലാം ഭൂരിപക്ഷ സമുദായക്കാരും, ഇവരെ അതിലേക്ക് നയിക്കുന്നവര്‍ മറ്റ് വിഭാഗക്കാരുമെന്ന് ഒരു ഹിന്ദു നേതാവ് ഈയിടെ പറഞ്ഞത് ഓര്‍ത്തു പോകുന്നു. അതിലെത്രത്തോളം യാഥാര്‍ത്ഥ്യമുണ്ട് എന്നതിലല്ല..എന്ത് കൊണ്ട് അത് സംഭവിക്കുന്നുവെന്ന് ഓരോരുത്തരും പരിശോധിക്കുന്നില്ല എന്നാണെന്റെ ചോദ്യം.
ഇരകളായ പെണ്‍കുട്ടികളെ ഭൂരിപക്ഷ വിഭാഗക്കാരായാലും ന്യൂനപക്ഷ വിഭാഗക്കാരായാലും പൊതു സമൂഹം കാണുന്നത് തെറ്റുകാരായാണ്. ബലാത്സംഗം ചെയ്യപ്പെടുന്നത് പെണ്‍കുട്ടിയുടെ കുഴപ്പം കൊണ്ടാണെന്ന് വിശ്വസിക്കുന്നവര്‍ക്ക് ഭൂരിപക്ഷമുള്ള നാടാണിത്…
മാധ്യമങ്ങളോട് ഒരു വാക്ക്…നിങ്ങള്‍ക്ക് ഞങ്ങള്‍ ചാര്‍ത്തി തന്ന സാമൂഹ്യ സേവനത്തിന്റെ മേല്കുപ്പായമിട്ടാണ് ഫോര്‍ത്ത് എസ്റ്റേറ്റ് കൊട്ടാരത്തില്‍ നിങ്ങള്‍ വിലസുന്നത്…നിങ്ങളിരിക്കുന്ന കൊട്ടാരം നിങ്ങളുടേതല്ല എന്നോര്‍ക്കുക….മാനസീകമായ അടിമത്തത്വത്തിനെതിരെ സ്വന്തം നിലപാട് പോലും സൃഷ്ടിക്കാന്‍ കഴിയാത്തവരെ സമൂഹം കൊട്ടാരത്തില്‍ നിന്ന് ഇറക്കിവിടും…ദുശ്ശാസനന്മാരാകാതെ കൃഷ്ണന്മാരാകുക..വസ്ത്രക്ഷേപം നടത്തുന്നവര്‍ക്ക് നേരെ കണ്ണാടി പിടിക്കാതിരിക്കുക. പകരം അവര്‍ക്ക് വസ്ത്രം നല്‍കുക…സഹായിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കുക.
നമുക്ക് രേഷ്മമാരെയും ബ്ലസിമാരെയും പോയി കാണാം…അവരെങ്ങനെ ഇവിടെത്തി എന്ന് സത്യസന്ധമായി അന്വേഷിക്കാം…അപ്പോള്‍ ഒരു പക്ഷേ അറിയാനായേക്കും അവരെങ്ങനെ ഇരയായെന്ന്..വീണ്ടും ഇരയായി കൊണ്ടിരിക്കുന്നത് എങ്ങനെയെന്ന്..
നമ്മളാണ് അവരെ അവിടെ എത്തിച്ചത്…എന്നിട്ട് നമ്മള് തന്നെ അവരെ പെരുമഴയത്ത് നിര്‍ത്തുകയും ചെയ്യുന്നു…മകളാണ്. സഹോദിയാണ്.. അമ്മയാണ് അത് മറക്കരുത്….
Discussion about this post