ഭാരതം ഏറെ വികാരഭരിതമായി ആഘോഷിച്ച ശ്രീരാമനവമി ദിനം ആയിരുന്നു ബുധനാഴ്ച നടന്നത്. 500 വർഷങ്ങൾക്ക് ശേഷം ഭഗവാൻ ശ്രീരാമനെ സ്വഗൃഹത്തിൽ പ്രാണ പ്രതിഷ്ഠ നടത്തിയ ശേഷമുള്ള ആദ്യ ശ്രീരാമ നവമിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത് സൂര്യാഭിഷേക സമയത്തെ രാംലല്ലയുടെ നെറ്റിയിലെ സൂര്യതിലകം ആയിരുന്നു. ഏകദേശം 75 എം എം വ്യാസത്തിൽ രാംലല്ല വിഗ്രഹത്തിന്റെ തിരുനെറ്റിയിൽ സൃഷ്ടിച്ച ഈ സൂര്യതിലകം ഭക്തിയും ശാസ്ത്രവും ഒത്തുചേർന്നപ്പോൾ ഉണ്ടായ അത്ഭുത സംഗമമായിരുന്നു.
മാസങ്ങളോളം നീണ്ട തയ്യാറെടുപ്പുകൾ ആണ് ഈ അത്ഭുത ദൃശ്യം സൃഷ്ടിക്കാൻ വേണ്ടിവന്നത്. ശ്രീരാമ നവമി ദിനമായ ബുധനാഴ്ച ഉച്ചയ്ക്ക് 12: 01 മുതൽ 12:06 വരെയുള്ള സമയത്ത് ആയിരുന്നു രാംലല്ലയുടെ സൂര്യാഭിഷേകം നടന്നത്. പ്രത്യേക ഒപ്റ്റോമെക്കാനിക്കൽ സംവിധാനം വഴിയാണ് രാംലല്ലയുടെ നെറ്റിയിൽ സൂര്യതിലകം ചാർത്തിയത്. ഇതിനായി മാസങ്ങളോളം സൂര്യന്റെ ചലനവും കൃത്യമായ ദിശകളും മറ്റും നിരീക്ഷിക്കുകയും പരീക്ഷിക്കുകയും ചെയ്ത ശേഷമാണ് രാജ്യം അത്ഭുതത്തോടെ കണ്ടുനിന്ന സൂര്യതിലകം സൃഷ്ടിച്ചത്.
ഐഐടി റൂർക്കി സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് രാംലല്ലയ്ക്ക് വേണ്ടി ഈ അതിമനോഹരമായ സൂര്യതിലകം സൃഷ്ടിച്ചത്. ക്ഷേത്രത്തിന്റെ മുകളിലായി തയ്യാറാക്കിയ പ്രത്യേക ലെൻസിൽ പതിച്ച സൂര്യരശ്മികൾ പിന്നീട് 90 ഡിഗ്രിയിൽ പ്രത്യേക പിച്ചള പൈപ്പ് വഴി മൂന്നു ലെൻസുകൾ കടന്ന് രണ്ടാം നിലയിലെ കണ്ണാടിയിൽ എത്തിയശേഷമാണ് രാംലല്ലയുടെ തിരുനെറ്റിയിൽ 75 എംഎം വൃത്താകൃതിയിൽ പ്രകാശിച്ചത്. ദർശിക്കുന്ന ഏതൊരാളെയും ഭക്തിയുടെ ആത്മസംതൃപ്തിയിൽ എത്തിക്കുന്ന ആ പ്രത്യേക കാഴ്ച തന്നെയായിരുന്നു ഈ ശ്രീരാമനവമിയിൽ ഭക്തരെ ആവേശത്തിന്റെ പരകോടിയിൽ എത്തിച്ചത്.
Discussion about this post