മലയിന്‍കീഴ്: തിരുവനന്തപുരത്ത് ബിജെപി വനിതാ നേതാവിനു വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ഉത്രാടത്തലേന്നാണ് അപകടം സംഭവിച്ചത്. ഇടിച്ചിട്ട ഓട്ടോറിക്ഷ കണ്ടെത്താനോ കേസെടുക്കാനോ പോലീസ് തയ്യാറായില്ല. സംഭവം ആസൂത്രിതമെന്ന് സംശയമുള്ളതായിട്ടാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച രാവിലെ 11 ന് തിരുവനന്തപുരത്തെ നിയമസഭാ സാമാജികരുടെ മന്ദിരത്തിന് മുന്നിലാണ് സംഭവം. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ബിജെപി കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് മൊട്ടമൂട് പറമ്പുക്കോണം നാരായണീയത്തില്‍ രശ്മി സുരേഷിനെയാണ് ഉത്രാട തലേന്ന് അമിതവേഗത്തിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു വീഴ്ത്തിയത്. രശ്മിയെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. സവാരിക്കാരില്ലാതെ വഞ്ചിയൂര്‍ ഭാഗത്തുനിന്ന് വന്ന ഓട്ടോയാണ് രശ്മിയുടെ സ്കൂട്ടറിനെ നേര്‍ക്കുനേര്‍ വന്ന് ഇടിച്ചു വീഴ്ത്തിയത്. കുന്നുകുഴിയിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്ക് പോവുകയായിരുന്നു രശ്മി. അപകടം നടന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ട്രാഫിക് പോലീസ് സ്ഥലത്തെത്തിയെങ്കിലും ബിജെപി നേതാവാണെന്നറിഞ്ഞ് പോലീസ് പരിക്കേറ്റ് റോഡില്‍ കിടന്ന രശ്മിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
തുടര്‍ന്ന് ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ നിന്നു എത്തിയവരും നാട്ടുകാരും ചേര്‍ന്നാണ് രശ്മിയെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ രശ്മിയുടെ കൈകാലുകള്‍ക്ക് ഒടിവും ദേഹമാസകലം ചതവുമുണ്ട്. സംഭവസ്ഥലത്ത് സുരക്ഷാ ക്യാമറകള്‍ ഉണ്ടായിരുന്നിട്ടും രശ്മിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ ഓട്ടോഡ്രൈവറെ കണ്ടെത്താനോ രശ്മിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കാനോ പോലീസ് ഇതേവരെ തയ്യാറായിട്ടില്ലെന്നതും സംഭവം ആസൂത്രതമാണോ എന്ന സംശയത്തിന് ആക്കം കൂട്ടുന്നതാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ രശ്മി നേമം ബ്ലോക്ക് പഞ്ചായത്തിലെ പള്ളിച്ചല്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. രശ്മിയുടെ സ്ഥാനാര്‍ത്ഥിത്വം മൂലം തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയുണ്ടായി. ഇതോടെ സിപിഎം പ്രവര്‍ത്തകര്‍ക്ക് തന്നോട് പകയുണ്ടായതായി രശ്മി പറയുന്നു.
വൃദ്ധരായ മാതാപിതാക്കള്‍ക്കും രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്കും ഒപ്പമാണ് രശ്മി താമസിക്കുന്നത്. ഭര്‍ത്താവ് സുരേഷ്കുമാര്‍ വിദേശത്താണ്.
Discussion about this post