ഡല്‍ഹി: കശ്മീരിലെ ഉറിയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണയറിയിച്ച് അഫ്ഗാനിസ്ഥാന്. ഭീകരതയുടെ പ്രായോജകരെ അന്താരാഷ്ട്ര മേഖലയില്‍ ഒറ്റപ്പെടുത്തണം. ഭീകര സംഘങ്ങളെ സംയുക്തമായി നേരിടണമെന്നും അഫ്ഗാന് അംബാസഡര്‍ ഷൈദ മൊഹമ്മദ് അബ്ദാലി പറഞ്ഞു.
ഭീകരവാദ സംഘങ്ങള്‍ പല പേരില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും എല്ലാം ഒരു മേഖലയില്‍ നിന്നാണ് വരുന്നത്. ഇന്ത്യയും അഫ്ഗാനും അന്താരാഷ്ട്ര സമൂഹവും ഇതിനെതിരെ ഒന്നിക്കണം. ഇത്തരം ആക്രമണങ്ങളും ദുരന്തങ്ങളും വലിയ അളവില്‍ തന്നെ അഫ്ഗാന് ജനത അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭാരതത്തിന്റെ വേദന തിരിച്ചറിയാന്‍ അഫ്ഗാനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയ്ക്ക് കുടപിടിക്കുന്നവര്ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിലപാടിന് അഫ്ഗാനിസ്ഥാന് പൂര്‍ണ പിന്തുണയറിയിക്കുന്നു. ഭീകരത വിദേശകാര്യ നയമായി കരുതുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്ന് അഫ്ഗാന് കരുതുന്നുവെന്നും പാകിസ്ഥാനെ പരോക്ഷമായി പരാമര്‍ശിച്ച് അബ്ദാലി പറഞ്ഞു.
ബാരാമുള്ളയിലെ ഉറിയിലെ കരസേനാ ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തില്‍ പതിനെട്ട് ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നില്‍ പാക് പിന്തുണയുള്ള ഭീകരസംഘങ്ങളാണെന്നാണ് ഇന്ത്യന്‍ നിഗമനം.
Discussion about this post