ന്യുയോര്‍ക്ക്: കശ്മീര്‍ പ്രശ്നം ഉയര്‍ത്തിക്കാട്ടി ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി യുഎന്‍ പൊതു സഭയില്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള അക്രമങ്ങളെക്കുറിച്ച് യുഎന്നിന്റെ നേതൃത്വത്തില്‍ സ്വന്തന്ത്ര അന്വേഷണം നടത്തണമെന്നു നവാസ് ഷരീഫ് ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്നത്തില്‍ പരിഹാരം കാണാതെ ഇന്ത്യയുമായുള്ള സമാധാനം പുനഃസ്ഥാപിക്കുക ദുഷ്കരമാണെന്നും ഷെരീഫ് പറഞ്ഞു.
കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരന് ബുര്‍ഹാന്‍ വാനി കശ്മീരികളുടെ പ്രതീകമാണെന്നു പോലും അവകാശപ്പെട്ട ഷരീഫ് നിരപരാധികളായ കശ്മീരികളാണ് കൊല്ലപ്പെടുന്നതെന്ന് ആരോപിച്ചു. കശ്മീരില്‍ നിന്ന് പട്ടാളത്തെ പിന്‍വലിക്കണം. തടവിലുള്ള നേതാക്കളെ വിട്ടയയ്ക്കണം. കശ്മീരികള്‍ക്ക് സ്വയം നിര്‍ണയാവകാശം വേണമെന്ന ആവശ്യത്തെ പാകിസ്ഥാന് പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സമാധാനം പുനസ്ഥാപിക്കാനാണ് പാകിസ്ഥാന് താല്പര്യമെന്നും ഇതിനു വേണ്ടിയുള്ള സംഭാഷണങ്ങള്‍ സംഘടിപ്പിക്കാനായി ഇന്ത്യ തന്നെയാണ് തടസ്സം നില്‍ക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ വാഗ്ദാനങ്ങള്‍ പാലിക്കുകയാണ് വേണ്ടത്. ആയുധമല്‍സരത്തിന് പാകിസ്ഥാനില്ല. എന്നാല്‍ ഇന്ത്യ ആയുധ ശേഖരത്തിലൂടെ പ്രകോപനം സൃഷ്ടിക്കുകയാണ്. തീവ്രവാദത്തിന്റെ ഇരയായി സ്വയം വിശേഷിപ്പിച്ച പാകിസ്ഥാന് തീവ്രവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും പിന്തുണ നല്കുന്ന രാജ്യമാണെന്നും അവകാശപ്പെട്ടു.
Discussion about this post