ഡല്‍ഹി: പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍. പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കാനുള്ള സാധ്യതകള്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ തള്ളിക്കളഞ്ഞു. ഭീകരത സ്പോണ്സര് ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാന് എന്ന കാര്യം തുറന്നുകാട്ടുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഉറി തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലായിരുന്നു ക്രിക്കറ്റ് പരമ്പരയെ കുറിച്ച് ബിസിസിഐ അധ്യക്ഷനോടുള്ള മാധ്യമങ്ങളുടെ ചോദ്യം. ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയപ്പോഴാണ് ഹിമാചല്‍ പ്രദേശില്‍നിന്നുള്ള ബിജെപി എംപി കൂടിയായ അനുരാഗ് താക്കൂറിന്റെ പ്രതികരണം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഏറെ നാളായി ഇന്ത്യാ-പാക് പരമ്പര നടന്നിരുന്നില്ല. ഐപിഎല്‍ മത്സരങ്ങളിലും പാക് താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിട്ടില്ല. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ക്രിക്കറ്റ് പരമ്പര പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ വര്‍ഷം നടന്നിരുന്നെങ്കിലും ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയാകാത്തതിനാല്‍ ഫലം കണ്ടിരുന്നില്ല. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കും ഏകദേശ തിയ്യതി വരെ നിശ്ചയിച്ചിരുന്നുവെങ്കിലും സര്‍ക്കാരുകള്‍ തമ്മിള്‍ ധാരണയിലെത്താതിനാല് അത് ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍, ഇന്ത്യയില്‍ നടന്ന ലോക ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ പാക് ടിം കളിച്ചിരുന്നു. ധര്‍മശാലയില്‍ നിശ്ചയിച്ചിരുന്ന ആദ്യ മത്സരം മതിയായ സുരക്ഷയൊരുക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം കൊല്‍ക്കത്തയിലേക്ക് മാറ്റുകയുണ്ടായി. കൊല്‍ക്കത്തയില്‍ ഒരു കുഴപ്പവുമില്ലാതെ കളി നടക്കുകയും ചെയ്തിരുന്നു.
Discussion about this post