ഇസ്ലാമബാദ്: പാക് അധീന കശ്മീരില്‍ പാക്കിസ്ഥാനുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്താന്‍ പദ്ധതിയില്ലെന്ന് റഷ്യ വ്യക്തമാക്കി. റഷ്യയും പാക്കിസ്ഥാനും തമ്മില്‍ ആദ്യമായിട്ടുള്ള സൈനികാഭ്യാസം പാക് അധീന കശ്മീരിലെ ഗില്‍ഗിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ആയിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ പ്രദേശത്തല്ലെന്നും മറിച്ച് ഖൈബര്‍ പ്രവിശ്യയിലെ ‘ചേരട്ട്’ പ്രദേശത്താണ് സൈനികാഭ്യാസം നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് റഷ്യന്‍ എംബസി വ്യക്തമാക്കി.
സൈനികാഭ്യാസം രണ്ടാഴ്ച നീണ്ട് നില്‍ക്കുന്നതാണ്. എന്നാല്‍, സൈനികാഭ്യാസത്തെ സംബന്ധിച്ച് ഇരുരാജ്യങ്ങളും കൂടുതല്‍ വെളിപ്പെടുത്താവന്‍ തയ്യാറായിട്ടില്ല. സപ്തംബര്‍ 24 മുതല്‍ ഓക്ടോബര്‍ 7 വരെ നടക്കുന്ന ‘ഫ്രണ്ട്ഷിപ്പ് 2016’ എന്ന് പേരിട്ടിരിക്കുന്ന സൈനികാഭ്യാസത്തില്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള 200 വീതം സൈനികര്‍ പങ്കെടുക്കും. ഭീകകരവാദത്തിനെതിരെ മുന്നേറാനുള്ള പരിശീലനമാണ് പ്രധാനമായും സൈനികാഭ്യാസത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
റഷ്യയും പാക്കിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ആക്കം കൂട്ടാന്‍ ഈ സംയുക്ത സൈനികാഭ്യാസം സഹായകരമാകുമെന്ന് പാക്കിസ്ഥാന്റെ സൈനിക വക്താവ് ലെഫ്റ്റനറ്റ് ജനറല്‍ അസിം ബാജ്വ അറിയിച്ചു.
Discussion about this post