ഡല്‍ഹി: അടുത്ത 12 മുതല്‍ 20 വര്‍ഷക്കാലം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തിയായി ബി.ജെ.പി തുടരുമെന്ന് പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. 1960-70 കാലത്തെ കോണ്‍ഗ്രസിന്റെ അത്ര മേധാവിത്വം ബി.ജെ.പിക്കുണ്ടാവും. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ഇക്കണോമിക് ടൈംസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത്.
ദേശീയ പാര്‍ട്ടിയായി വളര്‍ന്നതും വളരുന്നതും ഇന്ന് ബി.ജെ.പി മാത്രമാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും, ബംഗാളില്‍ തൃണമൂലും, തമിഴ്നാട്ടില്‍ ദ്രാവിഡ പാര്‍ട്ടികളും ഒഴിച്ചുനിര്‍ത്തിയാല്‍ ബി.ജെ.പിക്ക് സമീപഭാവിയില്‍ കാര്യമായ വെല്ലുവിളികളില്ല. കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്നതില്ല. കോണ്‍ഗ്രസ് ദുര്‍ബലമായിക്കഴിഞ്ഞു. രാഷ് ട്രീയത്തില്‍ നിന്ന് വിരമിച്ച് രാഹുല്‍ വിവാഹമൊക്കെ കഴിച്ച് കുടുംബജീവിതം തുടങ്ങണം. അതാണ് രാഹുലിനും ഇന്ത്യക്കും നല്ലത്.
ബുദ്ധിമാന്മാരും വിവേകവും തിരിച്ചറിവുമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. പക്ഷേ അവരെല്ലാം ഗാന്ധി കുടുംബത്തെ ആശ്രയിക്കുകയാണ്. ഈ ആശ്രിതത്വം മനസ്സിലാക്കാന്‍ കഴിയുന്നില്ല. ഗാന്ധി കുടുംബത്തിന് മാത്രമേ പാര്‍ട്ടിയെ രക്ഷിക്കാന്‍ കഴിയൂ എന്ന വിശ്വാസം കൊണ്ടായിരിക്കുമിത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം മൂലം കോണ്‍ഗ്രസ് ഇപ്പോഴത്തെ 44 ലില്‍ നിന്ന് 70 ഓ 80 ഓ ഒരുപക്ഷേ 100 സീറ്റ് വരേയോ എത്തിയേക്കാം. എന്നാലും ഒരു നിര്‍ണായക ശക്തിയാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് സംഘടനാസംവിധാനം തന്നെയില്ല. മഹാരാഷ് ട്രയില്‍ ശക്തി ക്ഷയിക്കുകയാണ്. പാര്‍ട്ടി സംവിധാനം നിലവിലുള്ള അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. ഇന്തോഗാഞ്ചറ്റിക് സമതലത്തില്‍ കോണ്‍ഗ്രസ് ഏറെക്കുറേ അപ്രത്യക്ഷമായിക്കഴിഞ്ഞൂ.
Discussion about this post