ന്യൂയോർക്ക് : ഗൂഗിളിനോടൊപ്പം ഉള്ള യാത്ര 20 വർഷം പൂർത്തിയാക്കിയതായി ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും സിഇഒ ആയ സുന്ദർ പിച്ചെ. ഗൂഗിളിൽ ജോലി ചെയ്യാൻ ആരംഭിച്ചിട്ട് രണ്ട് ദശാബ്ദം ആയി എന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണെന്നും കടന്നുവന്നത് മാറ്റങ്ങളുടെ കാലഘട്ടത്തിലൂടെയാണ് എന്നും സുന്ദർ പിച്ചെ അഭിപ്രായപ്പെട്ടു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെ ആണ് സുന്ദർ പിച്ചെ ഗൂഗിളിലെ ഇരുപതാം വർഷത്തെ കുറിച്ച് ഹൃദയഹാരിയായ ഒരു കുറിപ്പ് പങ്കുവെച്ചത്.
2004 ൽ കമ്പനിയിൽ ഒരു പ്രൊഡക്റ്റ് മാനേജരായി ചേർന്നതിനുശേഷം ഒരുപാട് മാറ്റങ്ങൾ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായതായി സുന്ദർ പിച്ചെ പറയുന്നു. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ ജോലി ചെയ്യുന്നതിൽ തനിക്ക് ഇപ്പോഴും അതേ ത്രിൽ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “2004 ഏപ്രിൽ 26 ഗൂഗിളിലെ എൻ്റെ ആദ്യ ദിവസമായിരുന്നു. അതിനുശേഷം ഒരുപാട് മാറിയിരിക്കുന്നു – സാങ്കേതികവിദ്യ, ഞങ്ങളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം . എന്തിനേറെ എൻ്റെ മുടി പോലും മാറിയിരിക്കുന്നു. ഈ അത്ഭുതകരമായ കമ്പനിയിൽ ജോലി ചെയ്യുന്നതിൽ നിന്ന് എനിക്ക് ലഭിക്കുന്ന ആവേശം മൂലം 20 വർഷമായിട്ടും ഞാൻ ഇപ്പോഴും ഭാഗ്യവാനാണെന്ന് തോന്നുന്നു.” എന്നാണ് സുന്ദർ പിച്ചെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
2004 ൽ 31-ാം വയസ്സിലാണ് സുന്ദർ പിച്ചൈ പ്രോഡക്റ്റ് മാനേജരായി ഗൂഗിളിൽ ജോലി ചെയ്യാൻ ആരംഭിച്ചത്. പിന്നീട് ഗൂഗിൾ ക്രോം , ആൻഡ്രോയിഡ്, ഗൂഗിൾ+, മാപ്‌സ്, സെർച്ച്, പരസ്യങ്ങൾ എന്നിവ ഉൾപ്പെടെ കമ്പനിയ്‌ക്കായി നിരവധി പ്രധാന പ്രോജക്റ്റുകളുടെ ഭാഗമായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഗൂഗിൾ സഹസ്ഥാപകനും പിന്നീട് സിഇഒയുമായ ലാറി പേജിൻ്റെ അടുത്ത വിശ്വസ്തനായ അദ്ദേഹത്തിൻ്റെ കഴിവുകൾക്കുള്ള പ്രതിഫലമായി 2015 ൽ സുന്ദർ പിച്ചെ ഗൂഗിൾ സിഇഒ ആയും നിയമിതനായി.
Discussion about this post