തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
ജില്ലയില്‍ യുഡിഎഫ് നടത്തുന്ന ഹര്‍ത്താലില്‍ ബസുകള്‍ക്ക് നേരെ കല്ലേറും, ബസ് തടയലും. തുടര്‍ന്ന് ബസ് സര്‍വീസുകള്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. കാട്ടാക്കട കിള്ളിയിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരുടെ കല്ലേറുണ്ടായത്. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും പുറപ്പെടുന്ന സര്‍വീസുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ തടയുകയാണ്. തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ നിന്നും കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്താനാണ് നിലവിലെ തീരുമാനം.
സ്വാശ്രയ കോളെജിലെ ഫീസ് നിരക്കുകള്‍ സര്‍ക്കാര്‍ പുതുക്കിയതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തി വന്ന സമരത്തിനുനേരെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് യുഡിഎഫ് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കടകള്‍ അടപ്പിക്കരുതെന്നും ബസുകള്‍ തടയരുതെന്നും ഇന്നലെ കോണ്‍ഗ്രസ് നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതിനിടെ ഇന്ന് നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ കെമിസ്ട്രി ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ പരീക്ഷകള്‍ ഒക്ടോബര്‍ നാലിന് നടത്തുമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. സമയക്രമത്തില്‍ മാറ്റമില്ല.
സ്വാശ്രയവിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. തൃശ്ശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതീകാത്മക ശവപ്പെട്ടിയേന്തി പ്രതിഷേധം സംഘടിപ്പിച്ചു. ഡിസിസി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം കോര്പ്പറേഷന് മുന്നില്‍ സമാപിച്ചു. പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് ഷിജു വെളിയത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അതേസമയം സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമയം ഏറ്റെടുത്ത യുഡിഎഫിന്റെ പ്രക്ഷോഭം ഇന്ന് നിയമസഭയില്‍ ആരംഭിച്ചേക്കും. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന് എന്നിവര്‍ ഇന്ന് നിയമസഭയില്‍ നിരാഹാര സമരം തുടങ്ങാനാണ് ആലോചന. സ്വാശ്രയ കരാരില്‍ മാറ്റം വരുത്തില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും സമരം ശക്തമാക്കാന്‍ തന്നെയാണ് യുഡിഎഫിന്റെ തീരുമാനം. പ്രതിപക്ഷ ബഹുമാനം പോലുമില്ലാതെ മുഖ്യമന്ത്രി ഇന്നലെ സഭയ്ക്കുള്ളില്‍ ഉന്നയിച്ച പരാമര്‍ശങ്ങള്‍ക്കെതിരെയും പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നേക്കും.
Discussion about this post