വാഷിങ്ടണ്‍: തീവ്രവാദികള്‍ക്കെതിരെ പാകിസ്ഥാന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക രംഗത്തെത്തി. യു.എസ് വിദേശകാര്യ വക്താവ് ജോണ്‍ കിര്‍ബിയാണ് ഇക്കാര്യം അറിയിച്ചത്. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് അതിര്‍ത്തിയിലുണ്ടായ പ്രത്യേക സാഹചര്യം അമേരിക്കയും നിരീക്ഷിക്കുന്നുണ്ട്. ലഷ്കര്‍ ഇ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് പോലെയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനെ അമേരിക്ക അനുകൂലിക്കുന്നുവെന്നും കിര്‍ബി പ്രതികരിച്ചു.
ഉറി ആക്രമണത്തിന് ശേഷം യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഇന്ത്യന്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും ആക്രമണത്തില്‍ അമേരിക്കയുടെ നടുക്കം രേഖപ്പെടുത്തിയിരുന്നെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവ് വരുത്താനുള്ള നടപടികള്‍ ഇരു രാജ്യങ്ങളും സ്വീകരിക്കണം. നിയന്ത്രണരേഖ കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. ഇന്ത്യ, പാക് സൈന്യങ്ങള്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്നാണ്കരുതുന്നത്. ഇത് തുടര്‍ന്നാല്‍ സംഘര്‍ഷത്തില്‍ അയവ് വരുത്താനാവുമെന്ന് അമേരിക്ക കരുതുന്നു.
Discussion about this post