വിവാദങ്ങള്‍ക്ക് അവസാനമില്ലാതെ ആദം തീയറ്ററില്‍. ചെകുത്താന്മാരുടെ രാജാവ് എന്ന് വിശ്വസിക്കപ്പെടുന്ന ലൂസിഫറിനെ കേന്ദ്രകഥാപാത്രമാക്കി നവാഗത സംവിധായകനായ സമര് ഒരുക്കുന്ന ആദം പുറത്തെ പ്രശ്നങ്ങള്‍ അവസാനിപ്പിച്ച് സ്ക്രീനില്‍ പ്രശ്നങ്ങള്‍ തുടങ്ങുന്നു. തീയറ്ററില്‍ എത്തിയിരിക്കുന്ന ചിത്രത്തിന് ആദ്യം നേരിടേണ്ടി വന്ന പ്രതിസന്ധി ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുന്നു എന്നതാണ്. ഇതിനൊപ്പം ചെകുത്താന് സേവക്കാരായ ഒരു വിഭാഗം പേര് കേരളത്തില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൂസിഫര്‍ വിശ്വാസവുമായി കഴിയുമ്പോള്‍ അതിനെ ന്യായീകരിക്കുന്നു എന്നതാണ് സിനിമയെക്കുറിച്ച് ഉയര്‍ന്നിരിക്കുന്ന മറ്റൊരു ആരോപണം.
താരതമ്യേനെ നെഗറ്റീവ് ആശയങ്ങളെ ന്യായീകരിക്കുന്നു എന്നതിനാല്‍ തന്നെ 36 കട്ടുകള്‍ നടത്തിയ ശേഷമാണ് സിനിമ സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനത്തിന് അനുവദിച്ചത്. എന്നാല്‍ സെക്സോ അമിത വയലന്‍സോ ഇല്ലാത്തതായിട്ടും തന്റെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കിയ നടപടിയെ സംവിധായകന് ശക്തമായി അപലപിച്ചിട്ടുണ്ട്.
സിനിമ പുറത്ത് പ്രചരിക്കുന്ന പോലെ ക്രൈസ്തവ വിരുദ്ധത സംസാരിക്കുന്നതല്ലെന്നും നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമാണ് പറയുന്നതെന്നും സംവിധായകന് പറയുന്നു. ഇരുട്ടിന്റെ ശക്തിയുടെ രാജാവായ ലൂസിഫറിനെ ആരാധിക്കുന്നവരുടെ കഥയാണ് തന്റെ സിനിമയെന്ന് നേരത്തേ തന്നെ സമര് വ്യക്തമാക്കിയിരുന്നു. വ്യത്യസ്ത സിനിമയോടെ തുടങ്ങണമെന്നതാണ് ഇത്തരമൊരു സിനിമയുടെ ആശയത്തിലേക്ക് നയിച്ചതെന്ന് സംവിധായകന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറയുകയും ചെയ്തു. സമര് തന്നെയാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നതും.
സിനിമയുടെ പേരായിരുന്നു സമറിന് ആദ്യം പ്രതിസന്ധി സൃഷ്ടിച്ചത്. ആദം എന്ന പേരില്‍ സമര് സിനിമ റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പൃഥ്വിരാജിനെ നായകനാക്കി ജിനു ഏബ്രഹാം എന്ന സംവിധായകനും ഇതേ പേരില്‍ ഒരു സിനിമ പ്രഖ്യാപിച്ചു. ഇത് പിന്നീട് വിവാദമായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ ജിനു ചിത്രം പ്രഖ്യാപിക്കുന്നതിന് മുമ്പേ സമര് ആദം എന്ന ചിത്രത്തിന്റെ പണി തുടങ്ങിയിരുന്നു. രണ്ട് ചിത്രങ്ങളുടെയും കഥയും പേരും സമാനമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. എന്നാല്‍ താന്‍ സംവിധാനം ചെയ്തുകൊണ്ടിരിയ്ക്കുന്ന ആദം എന്ന ചിത്രത്തിന് പൃഥ്വിരാജിന്റെ സിനിമയുമായി യാതൊരു ബന്ധവുമില്ലെന്ന് സമര് പറഞ്ഞിരുന്നു. ‘ഇത് ആ ആദം അല്ല, അങ്ങനെ സംഭവിച്ചാല്‍ പൃഥ്വിരാജിനോട് മാപ്പ് പറയുമെന്നും താനും ഒരു പൃഥ്വിരാജ് ആരാധകനാണെന്നും ഈ വിഷയത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍ പൃഥ്വിരാജിനോട് മാപ്പ് ചോദിക്കുമെന്നും സമര് പറഞ്ഞു. ചിത്രം സ്നേഹ സിജെ ആണ് നിര്‍മിയ്ക്കുന്നത്.
Discussion about this post