കൊച്ചി: ഇന്റർവ്യൂവിനായി ചില ഓൺലൈൻ മാദ്ധ്യമങ്ങൾ ഭീഷണിപ്പെടുത്തുക വരെ ചെയ്യാറുണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ ആസിഫ് അലി.പലപ്പോഴും ചില മീഡിയകൾക്ക് ഇന്റർവ്യു കൊടുത്തില്ലെങ്കിൽ അതിന് അനുസരിച്ചുള്ള തരത്തിൽ ഭീഷണികൾ വരേ ലഭിക്കാറുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്. അടുത്തിടെ നടി അന്ന റെജി കോശി അഭിമുഖത്തിൽ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട് നേരിട്ട ഒരു ചോദ്യം വിവാദമായിരുന്നു. മറ്റൊരു അഭിമുഖത്തിൽ ഈ വിവാദത്തിൽ അവതാരകൻ പ്രതികരണം തേടിയപ്പോഴാണ് ആസിഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നടന്റെ വാക്കുകളിലേക്ക്
”നടനാകും മുമ്പ് അവതാരകനായിരുന്നു ആസിഫ് അലിയും. ഞാൻ സക്‌സസ്ഫുള്ളായ ഇന്റർവ്യൂവറൊന്നും ആയിരുന്നില്ല. പിന്നെ ഇത് തൽക്കാലത്തേക്കുള്ള എന്റെ ജോലിയാണ്. !ഞാൻ ഇത് അല്ല. ഞാൻ ഇത് ചെയ്യേണ്ട ആളല്ല എന്ന ആറ്റിറ്റിയൂഡ് മനസിൽ കൊണ്ടുനടന്ന് അതുമായി ഇന്റർവ്യൂ എടുക്കാൻ വരുന്ന കുറേ ആളുകളുണ്ട്.
അവർക്ക് ഒരു ഫോർമാറ്റുണ്ട്. ഈ സിനിമയെ പറ്റി, അതിലെ ക്യാരക്ടറിനെ പറ്റി… രസകരമായ സംഭവം എന്തെങ്കിലും ഓർക്കുന്നുണ്ടോ എന്നുള്ള തരത്തിലായിരിക്കും അത്തരക്കാരുടെ ചോദ്യങ്ങൾ. ഒരു പത്ത് ഇന്റർവ്യൂ കണ്ടാൽ ആർക്കും ഇത്തരത്തിൽ ഇന്റർവ്യു ചെയ്യാം.
വളരെ പാഷനേറ്റായി അഭിമുഖം ചെയ്യാൻ കഴിയുന്നത് വളരെ കുറച്ചു പേർക്കാണ്. നമ്മൾ തന്നെ പല സമയത്തും ഇന്റർവ്യൂ തരില്ലാ എന്ന് പറയും. എന്നാൽ ഞങ്ങളുടെ പേജിന് ഇന്റർവ്യൂ തന്നില്ലെങ്കിൽ റിലീസ് കഴിഞ്ഞാൽ അറിയാലോ? എന്നുള്ള ഒരു ഭീഷണി നേരിട്ടോ അല്ലാതയോ വരുന്നുണ്ട്. അങ്ങനെയൊക്കെ വരുമ്പോഴാണ് ഇതിന്റെ നിസ്സഹായത പുറത്തുവരുന്നത്. ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നതിന് സഭ്യമായ രീതിയുണ്ട്. പറയുന്നവനും കേൾക്കുന്നവനും കേൾക്കാൻ മാത്രമല്ല ഈ അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നത്”
Discussion about this post