ഇന്ത്യ പാക്കിസ്ഥാനെ ആക്രമിക്കാനൊരുങ്ങുന്നു, ഇന്ത്യ-പാക് യുദ്ധത്തിന് സാധ്യത എന്നിങ്ങനെ നിരവധി തലക്കെട്ടുകളില്‍ വാര്‍ത്തകള്‍ വരുമ്പോഴും, ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥാന് തയ്യാറാവില്ല എന്നാണ് യുദ്ധവിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയെ പാക്കിസ്ഥാന് ആക്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്ന് പാക്കിസ്ഥാന് ശരിക്കറിയാമെന്നാണ് ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത്. സൈനിക ശക്തി തുലനം ചെയ്യുമ്പോള്‍ പാക്കിസ്ഥാന് ഇന്ത്യയ്ക്ക് മുന്നില്‍ ഒരു വെല്ലുവിളിയെ അല്ല എന്നതാണ് വാസ്തവം.
പത്ത് കാര്യങ്ങള്‍-
1- ലോകത്തെ നാലാമത്തെ സൈനിക അംഗസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ സൈനിക ശക്തി ഏകദേശം 47 ലക്ഷം വരും. പാക്കിസ്ഥാന്റെ സൈനിക ശക്തി കേവലം ഏഴു ലക്ഷത്തോളമാണുള്ളത്.
2-പാക്ക് ബജറ്റിന്റെ ഏകദേശം 48 ശതമാനം മാത്രമാണ് ആര്‍മിക്ക് ലഭിക്കുന്നത്. 20 ശതമാനം വ്യോമസേനക്കും 10 ശതമാനം നാവിക സേനക്കുമാണ് ലഭിക്കുന്നത്. 22 ശതമാനത്തോളം പെന്ഷന് ആവശ്യങ്ങള്‍ക്കും. 3- ഇന്ത്യക്ക് നാവിക കപ്പലുകള്‍ 300ന് അടുത്തുണ്ട്, പാക്കിസ്ഥാനുള്ളത് 190ന് അടുത്തു മാത്രമാണ്.
4- കടല്‍ യുദ്ധത്തില്‍ മുന്നിലെത്താനായി ഇന്ത്യക്ക് 13 അന്തര്‍വാഹിനികളുണ്ട്, പാക്കിസ്ഥാന്റെ കൈവശം അഞ്ച് അന്തര്‍വാഹിനികള്‍ മാത്രംമാണ് ഉള്ളത്.
5- ആണവ മുങ്ങിക്കപ്പലുകളുള്ള ലോകത്തെ ആറു രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പാക്കിസ്ഥാന് ഈ പട്ടികയില്‍ ഇല്ല.
6- ഇന്ത്യയുടെ റാഫേല്‍ ഫൈറ്റര്‍ ജെറ്റ് കരാറിനൊപ്പം (8.7 ബില്യണ്‍ ഡോളര്‍) പോലും വരില്ല പാക്കിസ്ഥാന്റെ ഒരു വര്‍ഷത്തെ ആകെ വാര്‍ഷിക പ്രതിരോധ ബജറ്റ്. ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഏകദേശം 45.2-52 ബില്യണ്‍ ഡോളറാണ്. എന്നാല്‍ പാക്കിസ്ഥാന്റേത് ഏകദേശം 6.31 ബില്യണ്‍ ഡോളര്‍ മാത്രമാണ്. 2001ല്‍ 11.8 ബില്യണ്‍ ഡോളര്‍ പ്രതിരോധത്തിനായി വകയിരുത്തിയതില്‍ നിന്നാണ് ഇപ്പോള്‍ 52 ബില്യണ്‍ ഡോളറോളം വകയിരുത്തി വന്‍ സൈനികശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘനയായ റോയെപ്പോലെ തന്നെ പാക്ക് ചാരസംഘടനയായ ഐഎസ്ഐക്കും ബജറ്റില്‍ പ്രത്യേക ഫണ്ട് വകയിരുത്താറുണ്ടെങ്കിലും അതു പുറത്തുവിടാറില്ല.
7-പാക്കിസ്ഥാന്റെ പക്കലുള്ള ഏറ്റവും പുതിയ യുദ്ധവിമാനം 1982ല്‍ വാങ്ങിയ അമേരിക്കന്‍ നിര്‍മിത എഫ്-16 ആണ്. ഇതില്‍ അമ്പതോളം വിമാനങ്ങള്‍ യുദ്ധത്തിന് ഉപയോഗിക്കാന്‍ സാധിക്കുന്നതല്ലെന്നും പാക്ക് എയര്‍ ചീഫ് മാര്‍ഷല്‍ സുഹൈല്‍ അമാന്‍ ഈയിടെ പറഞ്ഞിരുന്നു. റാഫേല്‍ പോര്‍വിമാനങ്ങള്‍, അപ്പാച്ചെ ഹെലികോപ്ടറുകള്‍, ചീനൂക്ക് കാമോവ് ഹെലികോപ്റ്ററുകള്‍ എന്നിവ വാങ്ങുന്നതടക്കം 1,50,000-ത്തോളം കോടി രൂപയുടെ പദ്ധതികള്‍ കഴിഞ്ഞ മാര്‍ച്ചോടെ അവസാന ഘട്ടത്തിലെത്തി.
8- ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധ ഇറക്കുമതി നടത്തുന്ന രാജ്യമാണ് ഇന്ത്യ. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കൂടുതല്‍ ആയുധങ്ങളും വിമാനങ്ങളും ഇവിടെ തന്നെ ഉദ്പാദിപ്പിക്കാനും പ്രതിരോധവകുപ്പ് പദ്ധതിയിടുന്നുണ്ട്.
9-ചൈനീസ് നിര്‍മിത പോര്‍വിമാനങ്ങളെയാണ് പാക്കിസ്ഥാന് കൂടുതലായി ഉപയോഗിക്കുന്നത്. സെപ്റ്റംബര്‍ 14നും 26 നും ഈ വിമാനങ്ങള്‍ പരീക്ഷണ പറക്കലില്‍ വീണിരുന്നു. പരീക്ഷണ പറക്കല്‍ പോലെയല്ല യൂദ്ധമെന്നതിനാല് റാഫേലുള്പ്പടെ ഇന്ത്യന്‍ പോര് നിരയിലേക്ക് ചേരാനിരിക്കെ ഇന്ത്യക്കാവും ആകാശയുദ്ധത്തിലും മേല്‍ക്കൈ. ആണവായുധമെന്ന ഭീഷണിയാണ് പാക്കിസ്ഥാന് ആത്മഹത്യാപരമായി മുഴക്കുന്നത്, ആണവശക്തിയില്‍ ഇരുരാജ്യങ്ങളുടെയും സംഭരണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. എങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യ ആണവആയുധ പ്രതിരോധ ആയുധം ഉള്‍പ്പടെ ശേഷിയില്‍ മുന്നിലാണെന്നാണ് വിലയിരുത്തല്‍.
10-ആധുനിക സാങ്കേതിക വിദ്യയിലും ഇന്ത്യയാണ് മുന്നില്‍. മിലിറ്ററി ഉപഗ്രഹങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് സംവിധാനമുണ്ട്. എന്നാല്‍ പാക്കിസ്ഥാന് മറ്റു രാജ്യങ്ങളുടെ സഹായമാണ് തേടുന്നത്. ഐഎസ്ആര്‍ഒ വിക്ഷേപിച്ച കാര്‍ട്ടോസ്റ്റാറ്റ് ശ്രേണിയിലെ 2-സി ഉപഗ്രഹം ഉപയോഗിച്ചാണ് ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറത്ത് പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ വിവരങ്ങളും നീക്കങ്ങളും ചോര്‍ത്തുന്നത്. ഇത് നല്കുന്ന മേല്‍കൈ ചെറുതല്ല. പാക്കിസ്ഥാനില്‍ നിന്ന് നടത്തുന്ന ചെറിയ യുദ്ധനീക്കങ്ങള്‍ പോലും ഇന്ത്യയ്ക്ക് മനസ്സിലാക്കാനും തിരിച്ചടിക്കാനും കഴിയും.
Discussion about this post