ഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിനെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വ്യോമസേന. ഇന്ത്യയുടെ കഴിവ് തെളിയിച്ച പോര്‍വിമാനം സുഖോയ് 30 എം കെ ഐയില്‍ ബ്രഹ്മോസ് മിസൈല്‍ എത്രയും പെട്ടെന്ന് ഘടിപ്പിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഇതോടെ ശബ്ദാതിവേഗ ക്രൂയിസ് മിസൈല്‍ ഘടിപ്പിക്കുന്ന ദീര്‍ഘദൂര പോര്‍വിമാനമായി സുഖോയ് മാറും.
നാസിക്കിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ വച്ച് ബ്രഹ്മോസ് ഘടിപ്പിക്കുന്ന പരീക്ഷണം കഴിഞ്ഞ ജൂണില്‍ തന്നെ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ശത്രു പാളയങ്ങളിലെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ പോലും ബ്രഹ്മോസ് നാശം വിതയ്ക്കും.
മണിക്കൂറില്‍ 3,600 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ വേഗത. ബ്രഹ്മോസ് ഘടിപ്പിച്ച സുഖോയ്ക്ക് മുന്നില്‍ പാകിസ്ഥാന്റെ എഫ്-16 ന് രക്ഷയില്ലെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്. 242 സുഖോയ് പോര്‍വിമാനങ്ങളാണ് വ്യോമസേനയ്ക്കുള്ളത്. കപ്പല്‍ വേധ മിസൈലുകളില്‍ ലോകത്ത് ഏറ്റവും കൂടിയ വേഗതയുള്ള മിസൈലാണ് ബ്രഹ്മോസ്
Discussion about this post