കൊച്ചി: രക്തസാക്ഷി പരാമര്‍ശവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ വിമര്‍ശിച്ച് നടന് ശ്രീനിവാസന്. തനിക്കെതിരെ ഉയര്‍ന്ന അരാഷ്ട്രീയ വാദിയെന്ന ലേബലിനെയാണ് ശ്രീനിവാസന് ഇന്നലെ കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ചോദ്യം ചെയ്തത്. യാഥാര്‍ത്ഥ്യങ്ങള്‍ പറയുമ്പോള്‍ അരാഷ്ട്രീയ വാദിയെന്ന് പരിഹസിക്കുന്നവര്‍ എന്താണ് അരാഷ്ട്രീയമെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സിംഗപ്പൂരില്‍ 51 വര്‍ഷമായി ഒരേ പാര്‍ട്ടിയാണ് ഭരിക്കുന്നത്. 700 ആണ് കക്ഷിനില. കേരളത്തിലും ഏതു മുന്നണിയാണെങ്കിലും ഈ അനുപാതത്തില്‍ സീറ്റ് നേടുന്ന തരത്തില്‍ ഭരണം നടത്തണം. അഴിമതി ഇല്ലാത്തവര്‍ക്ക് സംസ്ഥാനത്ത് 140 സീറ്റിലും വിജയിക്കാനാകും. ആര് ഭരിക്കുന്നുവെന്നല്ല എങ്ങനെ ഭരിക്കുന്നുവെന്നതാണ് നോക്കേണ്ടത്. അഴിമതിരഹിത ഭരണം നടത്തുന്നവരെയാണ് നാടിന് ആവശ്യം. അല്ലാത്തവരെ എത്ര ഉന്നതരാണെങ്കിലും ജനം തൂത്തെറിയും.
അവയവദാനത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. തന്റെ അഭിപ്രായമല്ല ഡോ. ബി.എം. ഹെഗ്ഡേയുടെ വിഖ്യാതമായ കൃതിയിലുള്ള കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദമാക്കി.
നേതാക്കളുടെ കുടുംബത്തില്‍ നിന്നും രക്തസാക്ഷികള്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്നും, സാധാരണക്കാരാണ് രക്തസാക്ഷികളാകുന്നതിലേറെയെന്നും ശ്രീനിവാസന് നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീനിവാസന്റെ പേരെടുത്ത് പറയാതെ കോടിയേരി ബാലകൃഷ്ണന് വിമര്‍ശനവുമായി എത്തുകയും ചെയ്തിരുന്നു. അരാഷ്ട്രീയ വാദത്തിന്റെ വക്താവാകാനുളള ശ്രമമാണ് ശ്രീനിവാസന്റെ ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്നായിരുന്നു സിപിഐഎം നേതാക്കളുടെ വ്യാഖ്യാനം.
Discussion about this post