ഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ പാകിസ്ഥാനില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് പൈലറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്കി. പടിഞ്ഞാറ് ഭാഗത്തേയ്ക്ക് യാത്രചെയ്യുന്ന വിമാനങ്ങള്‍ക്കാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്.
അഗ്നിബാധ പോലുള്ള അത്യാസന്ന ഘട്ടങ്ങളില്‍ ഒഴികെ പാകിസ്ഥാനിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങരുതെന്നാണ് പൈലറ്റുമാര്‍ക്ക് അനൗദ്യോഗികമായി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ മസ്ക്കറ്റിലോ സൗദി അറേബ്യയിലോ അല്ലെങ്കില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് വിമാനത്താവളങ്ങളിലോ ഇറങ്ങാനാണ് നിര്‍ദ്ദേശം.
പാകിസ്ഥാന്റെ സമീപ രാജ്യങ്ങളായ ഇറാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ ഇറങ്ങുന്നതിന് രണ്ടാമത്തെ പരിഗണനയേ നല്‍കാവൂ എന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഏതൊക്കെ സാഹചര്യങ്ങളില്‍ ഇത്തരം എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങാമെന്നത് സംബന്ധിച്ച് വിശദമായ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇത്തരം നിര്‍ദ്ദേശങ്ങള്‍ മുമ്പും നല്കപ്പെട്ടിട്ടുണ്ടെന്ന് വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി. മുംബൈ ഭീകരാക്രമണം, കാണ്ഡഹാര്‍ വിമാനം റഞ്ചല് തുടങ്ങിയവ പോലെ പാകിസ്ഥാനുമായുള്ള ബന്ധം വഷളായ സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു.
നേരത്തെ പാക്കിസ്ഥാനെതിരായ നയതന്ത്രതലത്തിലുള്ള നടപടികളുടെ ഭാഗമായി പാക്ക് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇന്ത്യ ആലോചിച്ചിരുന്നു. ഇതിനുപിന്നാലെ രാജ്യത്തിനു മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്കു പാക്കിസ്ഥാനും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയില്‍നിന്നും ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ പാക്കിസ്ഥാനില്‍ കൂടിയാണ് കടന്നുപോകുന്നത്.
Discussion about this post