കൊച്ചി: വ്യവസായവകുപ്പില്‍ വീണ്ടും ബന്ധു നിയമനങ്ങള്‍ നടത്തി മന്ത്രി ഇ.പി ജയരാജന്റെ വിവാദത്തിലേക്ക്. പികെ ശ്രീമതി എംപിയുടെ മകനും ജയരാജന്റെ ബന്ധുവുമായ സുധീര്‍ നമ്പ്യാരെ കെഎസ്ഐഇയുടെ തലപ്പത്തിരുത്തിയ തീരുമാനം റദ്ദാക്കിയതിന് പിന്നാലെയാണ് മറ്റു ബന്ധുക്കളുടെ നിയമന വിവരങ്ങള്‍ പുറത്ത് വരുന്നത്. എട്ടുപേരെയാണ് വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി ജയരാജന്റെ പ്രത്യേക താത്പര്യത്തില്‍ നിയമിച്ചതെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇ.പി. ജയരാജന്റെ സഹോദരീഭര്‍ത്താവിന്റെ സഹോദരപുത്രനും സഹോദരിയുടെ മകനുമാണ് വ്യവസായ വകുപ്പില്‍ ജോലി നല്‍കിയത്. ഇവരെ കൊച്ചിയിലെയും കോഴിക്കോട്ടെയും സ്ഥാപനങ്ങളിലാണ് നിയമിച്ചിരിക്കുന്നതും. ഇത് കൂടാതെ ജയരാജന്റെ സഹോദരന് റിട്ട. എസ്.ഐ: ഇ.പി. ഭാര്‍ഗവന്റെ മകന് നിഷാന്തിന്റെ ഭാര്യ ദീപ്തിയെ കണ്ണൂര്‍ കണ്ണപുരത്തെ ക്ലേ ആന്‍ഡ് സിറാമിക്സില്‍ ജനറല്‍ മാനേജരായും നിയമിച്ചിരുന്നു. ബിരുദം മാത്രമാണ് ഇവരുടെ യോഗ്യത. നേരത്തെ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പികെ ശ്രീമതി എംപിയുടെ മകന് സുധീര്‍ നമ്പ്യാരെ നിശ്ചയിച്ച തീരുമാനം വിവാദമായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് അല്ല തീരുമാനം റദ്ദാക്കിയതെന്നും കഴിഞ്ഞ തിങ്കളാഴ്ച തന്നെ സുധീര്‍ നമ്പ്യാരെ ഒഴിവാക്കിയിരുന്നുവെന്നും വ്യവസായ വകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post