ബസ്മാത: മാവോയിസ്റ്റ് സോണല്‍ കമാന്‍ഡറടക്കം മൂന്നു പേര് ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റിലായി. മസലിയ പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള ബസ്മാത ഗ്രാമത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും സ്ഫോടനത്തിനുപയോഗിക്കുന്ന ഡിറ്റൊണേറ്ററുകളും, ട്രാന്‍സിസ്റ്ററുകളും, 35,000 രൂപയും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു.
മാവോയിസ്റ്റിന്റെ സോണല്‍ കമാന്ററായ കാഞ്ചന് ദാ എന്ന അവാധ് കിഷോറാണ് അറസ്റ്റിലായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളുടെ തലയ്ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ വിലയിട്ടിരുന്നതാണ്. ഇയാളുടെ സഹായികളായ ഗോപാല്‍ റായി, ഒകില് മര്‍മൂര്‍ എന്നിവരും പൊലീസ് പിടിയിലായി.
അറസ്റ്റിലായ കാഞ്ചന് നിരവധി ആക്രമണക്കേസുകളില്‍ പ്രതിയാണ്. 1980കളില്‍ ഹോം ഗാര്ഡ്സില് സേവനമനുഷ്ഠിച്ചിരുന്ന കാഞ്ചന് 1997ല്‍ പിതാവിന്റെ മരണത്തിനു ശേഷം നക്സല്‍ പ്രസ്ഥാനത്തില്‍ ചേരുകയായിരുന്നു. മാവോയിസ്റ്റിന്റെ ദുംക, ഗോഡ്ഡ, ജംതാര, പാകൂര്‍ തുടങ്ങിയ ജില്ലകളുടെ നേതൃത്വം വഹിച്ചു പോന്നിരുന്ന കാഞ്ചന്, യുവാക്കളെ മാവോയിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതിലും ശ്രദ്ധിച്ചിരുന്നു.
ജില്ലാ പൊലീസ് സേനയും, ശസ്ത്രാര സീമാ ബല് (എസ്.എസ്.ബി) യും ചേര്‍ന്നു നടത്തിയ സംയുക്ത നടപടിയിലൂടെയാണ് ഇവര്‍ പിടിയിലാകുന്നത്. പാകൂര്‍ എസ്.പി അമര്‍ജീത് ബലിഹര്, ശികാരിപാര സ്റ്റേഷന് ഹൗസ് ഓഫീസര്‍ ഷംഷദ് അന്‍സാരി, ജമുനി ഗ്രാമത്തിലെ കത്തികുണ്ഡ് പൊലീസ് സ്റ്റേഷനിലെ അഞ്ചു പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റൊരു സംഭവത്തില്‍ ഒരു പൊലീസുകാരനടക്കം എട്ടു പോളിംഗ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേരെ കൊലപ്പെടുത്തിയ കേസുകളില്‍ കാഞ്ചന് മുഖ്യ പ്രതിയാണ്.
പൊലീസും മാവോയിസ്റ്റുകളുമായുണ്ടായ നിരവധി ഏറ്റുമുട്ടലുകളിലും മുഖ്യ പങ്കു വഹിച്ച ഇയാള്‍ സേനാംഗങ്ങളും, അല്ലാത്തവരുമായി നിരവധി പേരെ കൊലപ്പെടുത്തിയിട്ടുള്ളതായും പൊലീസ് അറിയിച്ചു. ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ ഇയാള്‍ക്ക് മികച്ച പരിശീലനം ലഭിച്ചിട്ടുള്ളതായും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Discussion about this post