ലഖ്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നാം ഊഴത്തിനായി വാരണാസി ലോക്സഭാ മണ്ഡലത്തിൽ നിന്നും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച രാവിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം രാവിലെ 11:45യോടെയാണ് മോദി നാമനിർദ്ദേശപത്രിക സമർപ്പിച്ചത്. പത്രിക പരിശോധനയ്ക്കുശേഷം വാരണാധികാരി നരേന്ദ്രമോദിയുടെ നാമനിർദ്ദേശപത്രികയിലെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടു.
നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വന്തമായി ഭൂമിയോ വീടോ വാഹനമോ ഇല്ല. അദ്ദേഹത്തിന്റെ പക്കലുള്ള ആകെ സ്വത്തുക്കൾ 3.02 കോടി രൂപ വിലമതിക്കുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2.86 കോടി രൂപയും ഗാന്ധിനഗറിലും വാരണാസിയിലും ഉള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി 80,304 രൂപയും ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യിൽ പണമായി ഉള്ളത് 52,920 രൂപയാണ്.
2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ്ണ മോതിരങ്ങൾ മോദിക്ക് സ്വന്തമായി ഉണ്ട്. കൂടാതെ നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ് സ്കീമിൽ 9.12 ലക്ഷം രൂപയുടെ നിക്ഷേപവും ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നികുതി അടയ്ക്കേണ്ട വരുമാനം 2018-2019 വർഷത്തിലെ 11 ലക്ഷം രൂപയിൽ നിന്നും 23.5 ലക്ഷം രൂപയായി ഉയർന്നിട്ടുണ്ട്.
നാമനിർദ്ദേശപത്രികയിൽ സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയും വെളിപ്പെടുത്തിയിട്ടുണ്ട്. 1978ൽ ഡൽഹി സർവകലാശാലയിൽ നിന്നും ബിരുദവും 1983ല്‍ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ആർട്സിൽ ബിരുദാനന്തര ബിരുദവും മോദി നേടിയിട്ടുണ്ട്. നിലവിൽ മോദിക്കെതിരെ ക്രിമിനൽ കേസുകൾ ഒന്നും നിലനിൽക്കുന്നില്ല എന്നും സത്യവാങ്മൂലം സൂചിപ്പിക്കുന്നു.
Discussion about this post