റോം: 2024 ലെ ഒളിമ്പിക്സ് ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇറ്റലി ഔദ്യോഗികമായി പിന്മാറി. റോം സിറ്റി കൗണ്‍സിലില്‍ നടന്ന വോട്ടെടുപ്പില്‍ ഗെയിംസിന് ആതിഥ്യം വഹിക്കാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് വേദി സ്വന്തമാക്കാനുള്ള മത്സരത്തില്‍ നിന്നും പിന്മാറുന്നതെന്ന് ഇറ്റലി ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ ജിയോവാനി മലാഗോ അറിയിച്ചു.
റോം സിറ്റി കൗണ്‍സില്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മലാഗോ, കൗണ്‍സിലിന്റെ എതിര്‍പ്പിനെ മറികടന്ന് ഗെയിംസുമായി പോകാനാഗ്രഹിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. അഴിമതി, മാലിന്യ നിക്ഷേപം തുടങ്ങിയവ തുടച്ചുനീക്കുന്നതിനാണ് നഗരം ഇപ്പോള്‍ പ്രധാന്യം നല്‍കുന്നതെന്ന് ഫൈവ് സ്റ്റാര്‍ പാര്‍ട്ടി നേതാവും റോം മേയറുമായ വിര്‍ജിനിയ റഗ്ഗി പറഞ്ഞു. ഗെയിംസ് നടത്തുന്നതിനോട് യോജിപ്പില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ഫൈവ് സ്റ്റാര്‍ പാര്‍ട്ടി വ്യക്തമാക്കിയിരുന്നതാണ്.
ബോസ്റ്റണ്‍, ഹാംബര്‍ഗ് എന്നീ നഗരങ്ങള്‍ നേരത്തെ പിന്മാറിയിരുന്നു. പാരീസ്, ലോസ് ആഞ്ചലസ്, ബുഡാപെസ്റ്റ് എന്നീ നഗരങ്ങളാണ് 2024ലെ ഒളിമ്പിക്സ് വേദി സ്വന്തമാക്കാനായി നിലവില്‍ മത്സരരംഗത്തുള്ളത്. 2017 സെപ്റ്റംബറിലാണ് ഗെയിംസ് വേദി പ്രഖ്യാപിക്കുന്നത്. അടുത്ത ഒളിമ്പിക്സ് 2020-ല്‍ ജപ്പാനിലാണ് നടക്കുന്നത്.
Discussion about this post