പനാജി: രണ്ട് സുപ്രധാന കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. 39,000 കോടി രൂപയുടെ എസ്.400 ട്രംയംഫ് വ്യോമ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങുന്നതാണ് ഇതിലെ പ്രധാന കരാര്‍. ലോകത്തിലെ ഏറ്റവും ആധുനികമായ വ്യോമ പ്രതിരോധ സംവിധാനമായാണ് എസ്.400 വിലയിരുത്തപ്പെടുന്നത്. 400 കി.മീ ചുറ്റളവില്‍ വായുവിലൂടെ വരുന്ന ഏത് ആക്രമണത്തേയും ഇതിന് പ്രതിരോധിക്കാന്‍ കഴിയും.
ഇന്ത്യയുടെ എസ്.ആര്. ഓയില്‍ കമ്പനി റഷ്യയിലെ റോസ്നെഫ് ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് രണ്ടാമത്തെ കരാര്‍. ഇതിന് പുറമെ വിദ്യാഭ്യാസ നഗര വികസന മേഖലകളിലായി എട്ട് കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. പ്രതിരോധ സഹകരണത്തില്‍ വന്‍കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് കരാറില്‍ ഒപ്പുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു കൂടങ്കുളം ആണവനിലയത്തില്‍ പുതിയ റിയാക്ടര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാ പത്രത്തിലും ഒപ്പുവെച്ചിട്ടുണ്ട്.
ഭീകരതയോടു വിട്ടുവീഴ്ചയില്ലെന്നാണ് ഇന്ത്യയുടെയും റഷ്യയുടെയും നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഭീകരത സംബന്ധിച്ചും ഇതേ നിലപാടാണെന്ന് ബ്രിക്സ് ഉച്ചകോടിക്കിടെ നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മോദി പറഞ്ഞു.
അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യയുടെ പിന്തുണയുണ്ട്. റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കു വാതക പൈപ്പ്ലൈനിലുള്ള സാധ്യത പരിശോധിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പുതിയ രണ്ടു മിത്രങ്ങളെക്കാള്‍ നല്ലത് പഴയ ഒരു മിത്രമാണെന്ന് മോദി വ്യക്തമാക്കി. ഇന്ത്യയുടെ പഴയ സുഹൃത്താണ് റഷ്യ. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളില്‍നിന്ന് ഇവിടെവരെയെത്തുമ്പോള് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിനു പുതിയ ദിശയും രൂപവും വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ളതു വളരെ പ്രബലമായ, വിശിഷ്ടമായ ബന്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Discussion about this post