ഇംഫാല്‍: അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരില്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേരുന്നു. രണ്ട് മുന്മന്ത്രിമാര് ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. അടുത്ത ദിവസങ്ങളില്‍ മറ്റൊരു മുന്‍മന്ത്രി കൂടി പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
ഒക്രം ഇബോബി സിംഗ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന മുന്‍ ജലസേചന വകുപ്പ് മന്ത്രി നോക്തോബം ബിരേന്‍, നഗരവികസന വകുപ്പ് മന്ത്രി ഫ്രാന്‍സിസ് ജ്യോക്പ്ത എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ഇവരെ പാര്‍ട്ടിയിലേക്ക് ആനയിച്ചു. ഹെയിന്കാംഗ് മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ തെരഞ്ഞെടുക്കപ്പെട്ട ബിരേന്‍ മന്ത്രിസഭയിലെ പ്രമുഖനായിരുന്നു. ടാടുബി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ട് തവണ മത്സരിച്ച് ജയിച്ച നേതാവാണ് ഫ്രാന്‍സിസ് ജ്യോക്പ്ത.
മണിപ്പൂരി ജനതയുടെ വികസനത്തിനായി കോണ്‍ഗ്രസ് വിടുകയാണെന്നും ബിജെപിയില്‍ പ്രവര്‍ത്തിക്കുമെന്നും എന്‍ ബീരാന് പറഞ്ഞിരുന്നു. മുന്‍ സ്പീക്കര്‍ ബുധിചന്ദ്രന്റെ മകന് ഡോക്ടര്‍ സപം രജ്ജന്‍, മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ഡോക്ടര്‍ കെ.എച്ച് ലോഗന് എന്നിവര്‍ ഈ മാസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിന് പിറകെ മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി യുക്കും ഇറബത് ഈ മാസം 12ന് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചിരുന്നു.
Discussion about this post