വാഷിങ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരിമറി നടത്താന്‍ ഹിലരി ക്ലിന്റണ് ശ്രമിക്കുന്നുവെന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയുമായി യു.എസ് പ്രസിഡന്റും ഡെമോക്രറ്റിക് പാര്‍ട്ടിയംഗവുമായ ബറാക് ഒബാമ. മറ്റുള്ളവരെ പഴിക്കുന്നത് നിര്‍ത്തി വോട്ട് നേടുന്നതില്‍ ശ്രദ്ധിക്കാന്‍ ട്രംപിനെ ഒബാമ ഉപദേശിച്ചു. എല്ലാ കാര്യത്തിലും മറ്റുള്ളവരെ പഴിക്കുന്ന ട്രംപിന്റെ ശീലം ഒരു നേതാവിന് ചേര്‍ന്നതല്ലെന്നും ഒബാമ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനെ പുകഴ്ത്തിയ ട്രംപിന്റെ പ്രസ്താവനക്കെതിരെയും ഒബാമ പ്രതികരിച്ചു. ട്രംപിന്റെ പ്രസ്താവന തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറഞ്ഞ ഒബാമ, റിപ്പബ്ലിക്കന്‍ പാര്ട്ടിക്കാര് ഒരിക്കലും റഷ്യയെ ന്യായീകരിച്ച് കണ്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ളവരില്‍ ഏറ്റവും വലിയ അഴിമതിക്കാരിയാണ് ഹിലരിയെന്നാണ് ട്രംപ് ആരോപിച്ചത്. തെരഞ്ഞെടുപ്പ് നേട്ടത്തിനായി ക്രിമിനല്‍ സംഘത്തെ നിയോഗിച്ചെന്നും മാധ്യമങ്ങളെ ഉപയോഗിച്ച് വോട്ടര്‍മാരുടെ മനസ് വിഷലിപ്തമാക്കാനാണ് ഹിലരിയുടെ ശ്രമമെന്നുമായിരുന്നു ട്രംപിന്റെ മറ്റ് ആരോപണങ്ങള്‍. ആരോപണങ്ങളോട് ഹിലരി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ ട്രംപ്-ഹിലരി സംവാദം വ്യാഴാഴ്ച നടക്കും. കഴിഞ്ഞ രണ്ട് സംവാദങ്ങളിലും ഹിലരിയാണ് മേല്‍കൈ നേടിയത്.
Discussion about this post