ഡല്‍ഹി: രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ന്യൂസിലന്‍ഡിനെതിരെ ആറ് റണ്‍സിനാണ് ഇന്ത്യ തോറ്റത്. 243 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 236 റണ്‍സിന് പുറത്താവുകയായിരുന്നു. ആദ്യ മല്‍സരത്തിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കാനിറങ്ങിയതെങ്കിലും അവസാന നിമിഷം പൊരുതി തോല്‍ക്കുകയായിരുന്നു.
അജിങ്ക്യ രഹാനെ (49 പന്തില്‍ 28), മനീഷ് പാണ്ഡെ (25 പന്തില്‍ 19), ധോണി (65 പന്തില്‍ 39), കേദാര്‍ യാദവ് (37 പന്തില്‍ 41), അക്ഷര്‍ പട്ടേല്‍ (22 പന്തില്‍ 17), അമിത് മിശ്ര (മൂന്നു പന്തില്‍ ഒന്ന്) എന്നിവരെല്ലാം നിലയുറപ്പിക്കാന്‍ ശ്രമിക്കാതെ മടങ്ങിയതോടെ ഇന്ത്യന്‍ പോരാട്ടം തീര്‍ന്നെന്നു കരുതിയതായിരുന്നു. പിന്നീടായിരുന്നു ഇന്ത്യന്‍ ഇന്നിങ്സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട്. 48 പന്തുകള്‍ നേരിട്ട പാണ്ഡ്യ-ഉമേഷ് യാദവ് സഖ്യം 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ഒടുവില്‍ ബൗള്‍ട്ടിനെ സിക്സിന് പറത്താനുള്ള പാണ്ഡ്യയുടെ ശ്രമം സാന്റ്നറിന്റെ കൈകളില്‍ അവസാനിച്ചതോടെ ഇന്ത്യയുടെ പോരാട്ടവും തീര്‍ന്നു. പത്താമനായെത്തിയ ബുംറ ആദ്യ പന്തില്‍തന്നെ പുറത്താവുകയായിരുന്നു.
Discussion about this post