തിരുവനന്തപുരം : കേരളാ കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം ഇടതുമുന്നണി വിട്ടേക്കും .വിമത വിഭാഗം നേതാവായ സ്കറിയാ തോമസിനെ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുപ്പിച്ച് തന്നെയും മറ്റ് നേതാക്കളെയും യോഗത്തില്‍ നിന്നൊഴിവാക്കിയതിനെത്തുടര്ന്നാണ് പിസി തോമസ് കടുത്ത നിലപാടിലേക്ക് നീങ്ങുന്നത്.
പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങളും തമ്മില്‍ ഭിന്നത രൂക്ഷമായതോടെയാണ് രണ്ട് കൂട്ടരെയും മുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മുന്നണി നേതൃത്വം തീരുമാനിച്ചത്. എന്നാല്‍ പി.സി തോമസ് വിഭാഗത്തെ ഒഴിവാക്കി സ്കറിയാ തോമസ് വിഭാഗത്തെ മുന്നണി യോഗത്തില്‍ പങ്കെടുപ്പിച്ചതോടെ നേതൃത്വത്തിനെതിരെ പി.സി തോമസ് രംഗത്തെത്തുകയായിരുന്നു. കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിലെത്തിക്കാന് സിപിഐഎം ശ്രമിച്ചെന്ന സിപിഐ ആരോപണവും പിസി തോമസ് ശരിവെച്ചു. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ മുന്നണി വിടുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
Discussion about this post