തൊടുപുഴ: മന്ത്രിമാര്‍ക്കെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി സിപിഐ ഇടുക്കി ജില്ലാ നേതൃത്വം രംഗത്തെത്തി. മണ്ടത്തരത്തിന് ലോക റെക്കോര്‍ഡ് ഇട്ടവരാണ് എം എം മണിയും ഇ പി ജയരാജനുമെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്. ഇവരാണ് സിപിഎമ്മിന്റെ പ്രതിസന്ധിയെന്നും ഇടുക്കി ജില്ലാ സെക്രട്ടറി പ്രതികരിച്ചു. റവന്യു മന്ത്രിക്കും കൃഷി മന്ത്രിക്കും എതിരായ മണിയുടെ പ്രസ്താവന മുന്നണി സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. മന്ത്രിമാര്‍ക്ക് മാര്‍ക്കിടാനുള്ള ജോലി മണിയെ ഏല്പ്പിച്ചിട്ടുണ്ടോയെന്നു സിപിഎം വ്യക്തമാക്കണമെന്നും ശിവരാമന് പറഞ്ഞു.
സിപിഐ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനെയും വി.എസ്.സുനില്‍കുമാറിനെയും രൂക്ഷമായി വിമര്‍ശിച്ച് ഗവ. ചീഫ് വിപ്പും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ എം.എം. മണി എംഎല്‍എ രംഗത്തെത്തിയിരുന്നു. മണ്ടത്തരങ്ങള്‍ കാട്ടുന്ന മന്ത്രിമാര്‍ സര്‍ക്കാരിനു കുഴപ്പം ചെയ്യുമെന്ന് മണി പറഞ്ഞു. രാജാക്കാട്ട് നടക്കുന്ന കര്‍ഷക സംഘം ജില്ലാ സമ്മേളനത്തിലായിരുന്നു മണിയുടെ വിമര്‍ശനം.
‘സംസ്ഥാനത്തെ പ്രശ്നങ്ങളെക്കുറിച്ചു ധാരണയില്ലാത്തവരാണു ഭരിക്കുന്നത്. ഇടുക്കിയിലെ കാര്യങ്ങളെക്കുറിച്ചു റവന്യൂ മന്ത്രി വിവരക്കേടു പറയുകയാണ്. കാസര്‍കോട്ടെ കാര്യങ്ങളല്ലാതെ വേറൊന്നും റവന്യു മന്ത്രിക്കറിയില്ല. ഇനിയെല്ലാം നമുക്കു ശരിയാക്കിയെടുക്കണം. കൃഷി മേഖലയിലും ഗുരുതര പ്രശ്നങ്ങളുണ്ട്. ഇതിനെ ഫലപ്രദമായി നേരിടണം. കൃഷിക്കാരെ ഫലപ്രദമായി അണിനിരത്തണം.’ മണി പറഞ്ഞു.
Discussion about this post