സിപിഐഎമ്മിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കി കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവ് കെവി വാസുവിന്റെ ഫേ്സ്ബുക്ക് പോസ്റ്റ്. എംവി രാഘവനെ ജീവനുള്ള കാലത്തോളം കൊലയാളി എന്ന് വിളിച്ചുകൊണ്ടേയിരിക്കും എന്നും പുതിയ തലമുറയില്‍ കൊലയാളിയുടെ വികൃതമുഖം വരച്ചുകാണിക്കുമെന്നും പ്രഖ്യാപിച്ചുള്ളതാണ് പോസ്റ്റ്.
സിപിഐഎം നേതാക്കള്‍ പങ്കെടുക്കുന്ന എംവി രാഘവന് അനുസ്മരണ പരിപാടി കണ്ണൂരില്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് കെവി വാസുവിന്റെ പോസ്റ്റ് എന്നതാണ് ശ്രദ്ധേയം. മുഖ്യമന്ത്രി പിണറായി വിജയന് പരിപാടിയില്‍ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ മുഖ്യമന്ത്രി ഒഴിവായി. പകരം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
എം വി രാഘവന്റെ അവസാനകാലത്ത് യുഡിഎഫില്‍നിന്ന് അകന്ന് സിപിഐഎമ്മിനോട് അടുക്കുന്നു എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഓര്‍മ്മകള്‍ ഏതാണ്ട് നശിച്ച ഘട്ടത്തില്‍ പിണറായി വിജയന് രാഘവനെ സന്ദര്‍ശിക്കുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എംവിആര്‍ നേരത്തെ മത്സരിച്ച് ജയിച്ച അഴീക്കോട് മണ്ഡലത്തില്‍ രാഘവന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ എംവി നികേഷ് കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ സിപിഐഎം മത്സരിപ്പിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് സിപിഐഎം നേതാക്കളെ കൂടി പങ്കെടുപ്പിച്ച് എംവിആര്‍ അനുസ്മരണ പരിപാടി ഇന്ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ സംഘടിപ്പിക്കുന്നത്.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തരത്തില്‍ സിപിഐഎം നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന സാഹചര്യത്തിലാണ് കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിലവില്‍ തിരുവനന്തപുരം എകെജി സെന്റര്‍ കേന്ദ്രീകരിച്ചാണ് കെ.വി വാസുവിന്റെ പ്രവര്‍ത്തനം.
അറുത്തുമുറിച്ച് മാറ്റാന്‍ പറ്റാത്ത ബന്ധമാണ് എംവിആറുമായി ഉണ്ടായിരുന്നതെന്നും അത്രയേറെ എംവിആറിനെ സ്നേഹിച്ചിരുന്നെന്നും പോസ്റ്റില്‍ കെ.വി വാസു വ്യക്തമാക്കുന്നു. എംവിആറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും, താന്‍ പ്രമാണിത്വവും, അഹങ്കാരവും, കാരണം നിങ്ങളാല്‍ മാത്രം, എന്റെ മകനടക്കമുള്ള അഞ്ചു പേരുടെ ജീവന് നഷ്ടപ്പെടേണ്ടി വന്നു. സഖാവ് പുഷ്പന് ഇന്നത്തെ നിലയിലായി. നൂറു കണക്കിന് ചെറുപ്പക്കാര്‍ നിത്യരോഗികളായി മാറി. ഒരിക്കലെങ്കിലും നിങ്ങളില്‍ നിന്ന് കൂത്തുപറമ്പ് വെടിവെപ്പില്‍ ഒരു ഖേദപ്രകടനം പ്രതീക്ഷിച്ചിരുന്നെന്നും കെ.വി വാസു പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സിപിഐഎമ്മില്‍ നിങ്ങളുണ്ടായിരുന്ന കാലത്ത്, നിങ്ങളും, ഞാനും തമ്മില്‍, അറുത്തുമുറിച്ച് മാറ്റാന്‍ പറ്റാത്ത ബന്ധമായിരുന്നു. അത്രയേറെ നിങ്ങളന്നെ സ്നേഹിച്ചിരുന്നു, ഞാന്‍ നിങ്ങളെയും, പക്ഷെ, നിങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയും, താന്‍പ്രമാണിത്വവും, അഹങ്കാരവും, കാരണം നിങ്ങളാല്‍ മാത്രം, എന്റെ മകനടക്കമുള്ള അഞ്ചുപേരുടെ ജീവന് നഷ്ടപ്പെടേണ്ടി വന്നു. സ: പുഷ്പന് ഇന്നത്തെ നിലയിലായി. നൂറുകണക്കിന്ന് ചെറുപ്പക്കാര്‍ നിത്യരോഗികളായി മാറി. ഒരിക്കലെങ്കിലും നിങ്ങളില്‍ നിന്ന് കുത്തുപറമ്പ് വെടിവെപ്പില്‍ ഒരു ഖേദപ്രകടനം ഞാന്‍ പ്രതീക്ഷിച്ചു.അധികാര പ്രമത്തദ നിങ്ങളെ അതിന് അനുവദിച്ചില്ല. നിങ്ങളുടെ നേതൃത്വത്തില്‍ കൂത്തുപറമ്പില്‍ നടത്തിയ കൊടും ക്രൂരത മറക്കാനോ, പൊറുക്കാനോ കഴിയാത്തതാണ്. ഞങ്ങളുടെ ജീവന് ഉള്ള കാലം വരെ, നിങ്ങളെ കൊലയാളി എന്ന് വിളിച്ചുകൊണ്ടേയിരിക്കും. പുതിയ തലമുറയുടെ മുന്നില്‍, നിങ്ങളെന്ന കൊലയാളിയുടെ വികൃതമുഖം ഞങ്ങള്‍ വരച്ചുകാണിച്ചു കൊണ്ടേയിരിക്കും.
[fb_pe url=”https://www.facebook.com/photo.php?fbid=1740592452930531&set=a.1701183853538058.1073741829.100009393783241&type=3&theater” bottom=”30″]
Discussion about this post