ഡല്‍ഹി: രാജ്യത്ത് 1000, 500 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നോട്ടുകള്‍ അസാധുവായി. ഡിസംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. കളളപ്പണം തടയുന്നതിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ലക്ഷ്യമിട്ടാണ് നടപടി. പ്രധാനമന്ത്രി നേരിട്ട് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണത്തിന്റെയും അഴിമതിയുടെയും സാഹചര്യത്തെ വിശദീകരിച്ചുകൊണ്ടാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.
500 ന്റെയും 1000ത്തിന്റെയും നോട്ടുകളുടെ വിനിമയം ഇനി അനുവദിക്കില്ല. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ഈ നോട്ടുകള്‍ അസാധുവായി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് നോട്ടുകള്‍ മാറിയെടുക്കാനുളള അവസരം ഉണ്ട്. ഈ മാസം 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളും അടക്കമുളള കേന്ദ്രങ്ങളില്‍ ഇതിനുളള അവസരം ഒരുക്കും. നോട്ടുകള്‍ മാറിയെടുക്കാന്‍ 50 ദിവസം ലഭിക്കുമെന്നും അതുകൊണ്ടു തന്നെ പണം നഷ്ടമാകുമെന്ന് ആര്‍ക്കും ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
നോട്ടുകള്‍ ഇന്ന് രാത്രിയോടെ അസാധുവാകുമെങ്കിലും 72 മണിക്കൂറത്തേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് കൌണ്ടര്‍ തുടങ്ങിയ ഇടങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. മരുന്നിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ ഉപയോഗിക്കാം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ ഓരോ നടപടിയെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. തീരുമാനം രാജ്യത്തെ അറിയിക്കുന്നതിന് മുന്‍പ് രാഷ്ട്രപതി ഉള്‍പ്പെടെയുളളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
സമൂഹത്തിലെ പാവങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ മുഖ്യലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ഏറ്റവും വലിയ വെല്ലുവിളിയാകുന്നതും കളളപ്പണവും അഴിമതിയുമാണ്. രണ്ടര വര്‍ഷത്തിനുളളില്‍ 1.25 ലക്ഷം കോടി രൂപയുടെ കളളപ്പണമാണ് പിടിച്ചെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തിക്ക് അപ്പുറത്തുളള രാജ്യത്തിന്റെ ശത്രുക്കള്‍ കളളനോട്ടുകള്‍ കൊണ്ടാണ് വര്‍ഷങ്ങളായി അവരുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post