ഡല്‍ഹി: പിന്‍വലിച്ച നോട്ടുകള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്ന പെട്രോള്‍ പമ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്മേന്ദ്രപ്രധാന്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച പരാതികള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നോട്ടുകള്‍ പ്രചാരത്തിലാകുന്ന വെളളിയാഴ്ച വരെ എല്ലാ പെട്രോള്‍ പമ്പുകളും പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് സഹകരിക്കാന്‍ മനസു കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പിന്‍വലിച്ചതോടെ 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ സ്വീകരിക്കാന്‍ പെട്രോള്‍ പമ്പ് ഉടമകള്‍ വിസമ്മതിക്കുന്നതായി പല ഭാഗത്ത് നിന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പരിഭ്രാന്തി പരത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നടപടിയുടെ വിജയത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും ധര്‍മേന്ദ്ര പ്രധാന് കൂട്ടിച്ചേര്‍ത്തു.
പാചകവാതക വിതരണക്കാരും പഴയ നോട്ടുകള്‍ സ്വീകരിക്കണമന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇത് സംബന്ധിച്ചും ഒട്ടേറെ പരാതികള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിലും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post