ഡല്‍ഹി: 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത നഗരങ്ങള്‍ കേന്ദ്രികരിച്ചാണ് റെയ്ഡ് പുരോഗമിക്കുന്നത്. കള്ളപ്പണ നിക്ഷേപം വ്യാപകമായി മെട്രോ നഗരങ്ങളെ കേന്ദ്രികരിച്ചു നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് റെയ്ഡ്.
500, 1000 രൂപയുടെ പഴയ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ കള്ളപ്പണ നിക്ഷേപം ബാങ്കുകളില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരങ്ങളും ആദായ വകുപ്പിന് ലഭിച്ചിട്ടുണ്ട്. പണം മാറ്റി വാങ്ങുന്നതിന്റെ ഭാഗമായി വലിയ തുക നിക്ഷേപിക്കുന്നവരുടെ പണത്തിന്റെ ഉറവിടം പരിശോധിക്കും. കൂടാതെ നവംബര്‍ 10 മുതല്‍ 50 ദിവസം നടത്തുന്ന വലിയ പണമിടപാടുകളെ സംബന്ധിച്ച് കേന്ദ്ര ആദായ നികുതി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റെയ്ഡ് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനമുണ്ട്.
സ്വകാര്യമായി പണമിടപാട് നടത്തി വരുന്ന സ്വര്‍ണ വ്യാപാരികള്‍, പലിശക്കാര്‍, ഹവാല ഇടപാടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അധികൃതര്‍ രഹസ്യ നീക്കം നടത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് മിന്നല്‍ റെയ്ഡിന് അധികൃതര്‍ നേതൃത്വം നല്‍കിയത്. ദില്ലിയിലെ പ്രമുഖ വാണിജ്യ മേഖലകളായ കരോള്‍ ബാഗ്, ദരീബ കലന്‍, ചാന്ദനി ചൗഖ് എന്നിവടങ്ങളിലാണ് റെയ്ഡ് നടന്നത്. അതേസമയം മുംബൈയില്‍, മൂന്നിടങ്ങളിലാണ് റെയ്ഡ് നടന്ന് കൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സമാന റെയ്ഡുകള്‍ ദക്ഷിണേന്ത്യയിലെ രണ്ട് നഗരങ്ങളിലും ഐടി അധികൃതര്‍ നടത്തി വരികയാണ്. നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ, രാജ്യത്തെ നഗരങ്ങളില്‍ കുറഞ്ഞ നിരക്കില്‍ 500, 1000 നോട്ടുകള്‍ ഹവാല ഇടപാടുകാര്‍ കൈമാറ്റം നടത്തി വരികയാണെന്ന വിവരത്തെ തുടര്‍ന്നാണ് ആദായ വകുപ്പ് അധികൃതര്‍ മിന്നല്‍ റെയ്ഡ് നടത്തിയതെന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം നികുതി വെട്ടിപ്പ്, കള്ളപ്പണം തുടങ്ങിയ കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത ഐടി ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post