നാസിക്: പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ 500 രൂപ നോട്ടുകള്‍ ആദ്യഘട്ടം വിതരണത്തിന് തയ്യാറായി. നാസികിലെ കറന്‍സി നോട്ട് പ്രസില്‍ (സി.എന്‍.പി) നിന്നാണ് 500 രൂപയുടെ ആദ്യ ഗഡു റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിയത്. 500 രൂപയുടെ 50 ലക്ഷം നോട്ടുകളാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന് കൈമാറിയത്. അടുത്ത ഗഡുവായി 50 ലക്ഷം നോട്ടുകള്‍ കൂടി ബുധാനാഴ്ചയോടെ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
വിപണിയില്‍ നിന്ന് പിന്‍വലിച്ച 1000, 500 നോട്ടുകള്‍ക്ക് പകരം പുതിയ 2000 രൂപ നോട്ടുകളാണ് ബാങ്കുകള്‍ വിതരണം ചെയ്തിരുന്നത്. ഇത് വിപണിയില്‍ ചില്ലറ ക്ഷാമം രൂക്ഷമാക്കിയിരുന്നു. റിസര്‍വ് ബാങ്കിലെത്തിയ പുതിയ 500 രൂപ നോട്ടുകള്‍ പരിശോധനകള്‍ക്ക് ശേഷം ഉടന്‍ തന്നെ ബാങ്കുകളിലേക്കെത്തുമെന്നാണ് സൂചന. 500 രൂപ നോട്ട് എത്തിയാല്‍ പ്രതിസന്ധി ഏറെക്കുറേ ലഘൂകരിക്കാനാകുമെന്നാണ് കരുതുന്നത്.
നേരത്തെ ഇറങ്ങിയ 2000 രൂപ കറന്‍സികള്‍ കര്‍ണാടകയിലെ മൈസൂരുവിലും വെസ്റ്റ് ബംഗാളിലെ സല്ബോണിലുമാണ് പ്രിന്റ് ചെയ്തിരുന്നത്. ഇവിടെ 500 രൂപ നോട്ടുകളും പ്രിന്റ് ചെയ്യുന്നുണ്ട്. ഇത് കൂടാതെ 500 രൂപാ നോട്ടുകള്‍ മധ്യപ്രദേശിലെ ദേവാസിലും പ്രിന്റ് ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ സി.എന്‍.പി 40 കോടി 500 രൂപ നോട്ടുകള്‍ അടിച്ചിറക്കാനാണ് ലക്ഷ്യമിടുന്നത്.
സെക്യൂരിറ്റി പ്രിന്റിംഗ് ആന്‍ മിന്റിംഗ് കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിന് കറന്‍സി പ്രിന്റിംഗിനും നാണയ നിര്‍മാണത്തിനുമായി ഒമ്പത് യൂണിറ്റുകളാണ് ഉള്ളത്. നാസികിലും ഹൈദരാബാദിലും രണ്ടു വീതം യൂണിറ്റും മുംബൈ, കൊല്‍ക്കത്ത, നോയിഡ, ദേവാസ്, ഹോഷംഗാബാദ് എന്നിവിടങ്ങളില്‍ ഓരോ യൂണിറ്റുമാണുള്ളത്.
Discussion about this post