ഡല്‍ഹി: ബാങ്കില്‍ ഇടപാടു നടത്തുന്നവരെ തിരിച്ചറിയാന്‍ മഷി അടയാളം ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കൈയില്‍ സൂക്ഷിക്കുന്നവര്‍ ബിനാമികള്‍ വഴിയും പല ബാങ്കുകളിലൂടെയും പണം മാറ്റിവാങ്ങുന്ന കാര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് കര്‍ശന നടപടികളുമായി കേന്ദ്രം മുന്നോട്ടുപോകുന്നത്. സാധാരണക്കാരെ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം നടക്കുന്നതായി കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്.
പ്രമുഖ നഗരങ്ങളില്‍ ഇന്ന് തന്നെ മഷി പുരട്ടല്‍ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലെ തീരുമാനപ്രകാരമാണ് പുതിയ പരിഷ്കാരങ്ങളെന്ന് ശശികാന്ത്ദാസ് അറിയിച്ചു. ഒരേ ആളുകള്‍ തന്നെ പലതവണ ബാങ്കുകളില്‍ പണം മാറാന്‍ എത്തുന്നുവെന്നും ഇങ്ങനെ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും വ്യക്തമാക്കിയാണ് പുതിയ നടപടി.
ഒരുതവണ നോട്ട് മാറിയവര്‍ തന്നെ വീണ്ടും ബാങ്കില്‍ എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നെന്നും ഇതിനാലാണ് കൈവിരലുകളില്‍ മഷി കൊണ്ട് അടയാളമിടാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. വ്യാജ നോട്ടുകള്‍ കണ്ടെത്താന്‍ പ്രത്യേക ടാസ്ക്ഫോഴ്സിനെ ഏര്‍പ്പെടുത്തും. കൂടാതെ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യും. പഴയനോട്ടുകള്‍ സ്വീകരിക്കാത്ത ആശുപത്രികള്‍ ഉണ്ടെങ്കില്‍ അവയ്്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും, കൂടാതെ ആരാധനാലയങ്ങള്‍ നേര്ച്ചപ്പണം ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അക്കൗണ്ടുകളെക്കുറിച്ച് ധാരണ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Discussion about this post