ഡല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് അബ്ദുള്‍ വാഹിദ് സിദ്ധിബാപ്പ പാക്കിസ്ഥാനില്‍ നിന്നും ദുബായ് വഴി രാജ്യത്ത് പണം എത്തിച്ച് നല്‍കിയിട്ടുണ്ടെന്ന് എന്‍ഐഎ. സ്പെഷ്യല്‍ ജഡ്ജി രാകേഷ് പണ്ഡിറ്റിന്റെ മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ സഹസ്ഥാപകന്‍ യാസീന്‍ ഭട്കറിന്റെ അടുത്ത ബന്ധുവാണ് 32കാരനായ ഭീകരന് സിദ്ധിബാപ്പ.
ഇയാളെ മെയ് 20നാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ദുബായ് വഴിയാണ് സിദ്ധിബാപ്പയും സംഘവും പണം എത്തിച്ചിരുന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് ഇന്ത്യന്‍ ശിക്ഷാ നിയമം 120ബി വകുപ്പും യുഎപിഎ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളും ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.സ്ലീപ്പര്‍ സെല്ലുകളെ ഉപയോഗിച്ച് ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ആക്രമണങ്ങള്‍ നടത്താനാണ് ഇയാളും സംഘവും പദ്ധതിയിട്ടിരുന്നതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Discussion about this post