ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ദക്ഷിണേന്ത്യയിൽ ബിജെപി വൻ മുന്നേറ്റമുണ്ടാക്കുമെന്നാണ് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. തെലങ്കാനയിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ന്യൂസ് 18 പ്രവചിക്കുന്നു. ഏഴ് മുതൽ എട്ട് സീറ്റുകൾ വരെ തെലങ്കാനയിൽ ബിജെപി നേടും. കോൺഗ്രസിന് 5 മുതൽ എട്ട് സീറ്റുകളാണ് പ്രവചിക്കുന്നത്. ബിജെപി 37 ശതമാനം വോട്ട് വിഹിതവും ഇൻഡി സഖ്യം 34 ശതമാനം വോട്ട് വിഹിതവും നേടും.
ആന്ധ്രാപ്രദേശിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. സംസ്ഥാനത്തെ 25 സീറ്റുകളിൽ 21 മുതൽ 25 സീറ്റുകൾ വരെ എൻഡിഎ നേടുമെന്ന് എബിപി സി വോട്ടർ പ്രവചിക്കുന്നു. വൈഎസ്ആർ കോൺഗ്രസ് നാല് സീറ്റുകൾ വരെ നേടാനാണ് സാധ്യതയെന്നാണ് പ്രവചനം. അതേസമയം, ആന്ധ്ര പ്രദേശിൽ എൻഡിഎയ്ക്ക് പീപ്പിൾസ് പൾസ് 17 മുതൽ 21 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. വൈഎസ്ആർ കോൺഗ്രസ് നാല് മുതൽ അഞ്ച് സീറ്റുകൾ നേടുമെന്നും പീപ്പിൾസ് പൾസ് പ്രവചിക്കുന്നു.
കർണാടകയിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് ന്യൂസ് 18 പ്രവചിക്കുന്നു. കർണാടകത്തിൽ ബിജെപി 20 മുതൽ 22 വരെ സീറ്റുകൾ നേടുമെന്നാണ് ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ ഫലം പറയുന്നത്. ഈ തിരഞ്ഞെടുപ്പിൽ ഇൻഡി സഖ്യം 3 മുതൽ 5 വരെ സീറ്റുകൾ നേടുമെന്നും ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യയുടെ എക്‌സിറ്റ് പോളുകൾ പറയുന്നു.
തമിഴ്‌നാട്ടിൽ ബിജെപി രണ്ട് സീറ്റുകൾ വരെ നേടുമെന്നാണ് എബിപി സി വോട്ടർ പ്രവചിക്കുന്നത്. ഇൻഡി സഖ്യം 37 മുതൽ 39 വരെ സീറ്റുകൾ നേടും. എഐഡിഎംകെ സീറ്റുകളൊന്നും നേടില്ലെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.
Discussion about this post