കേന്ദ്രസര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പിന്തുണച്ച് ശാസ്ത്രസാഹിത്യ പരിഷത് മുന്‍ അധ്യക്ഷനും ഇടത് ചിന്തകനുമായ ഡോ. എംപി പരമേശ്വരന് രംഗത്തെത്തി. കള്ളപ്പണം പിന്‍വലിക്കാനെടുത്ത ശരിയായ തീരുമാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിയായ ഒന്നാണ്. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സ്വാഭാവികം. കഷായം കുടിക്കുമ്പോള്‍ ചില ബുദ്ധിമുട്ടുകളുണ്ടാകും. അതിന്റെ ഗുണം പിന്നീടാണ് ലഭിക്കുക. അതാണ് ഇപ്പോള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്നത്. നടപ്പാക്കിയ രീതിയിലുണ്ടായ ബുദ്ധിമുട്ടുകളെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല. കാര്‍ഷിക മേഖലയ്ക്കോ സമ്പദ് വ്യവസ്ഥയ്ക്കോ നോട്ട് പിന്‍വലിക്കല്‍ ദോഷം ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ഓഹരി വിപണിയില്‍ ചെറിയ പ്രശ്നങ്ങളുണ്ടാക്കുമായിരിക്കും. ഓഹരി വിപണിയല്ല സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ സൂചകം. പണത്തിന്റെ മൂല്യശോഷണമാണ് (Devaluation) വരുത്തിയതെങ്കില്‍ അത് കുഴപ്പമുണ്ടാക്കുമായിരുന്നു. ഇവിടെ അതുണ്ടായിട്ടില്ല. നോട്ട് പിന്‍വലിക്കല്‍ പലരാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. കള്ളപ്പണത്തെ ചെറുക്കാനുള്ള വഴികളിലൊന്നാണിതെന്നും ഡോ. എംപി പരമേശ്വരന് പറഞ്ഞു.
രാജ്യത്തിന് പുറത്തുള്ള കള്ളപ്പണം പിടികൂടാന്‍ ഈ തീരുമാനം കൊണ്ട് സാധിക്കില്ലായിരിക്കുമെങ്കിലും രാജ്യത്തെ കള്ളപ്പണത്തെ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കള്ളപ്പണത്തെ നിയന്ത്രിക്കാന്‍ ഇതാണ് ശരിയായ മാര്‍ഗം. കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഇതിനെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് എനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ ബിജെപി ഇതര കക്ഷികളെല്ലാം അതിശക്തമായി എതിര്‍ക്കുമ്പോഴാണ് ശാസ്ത്രസാഹിത്യ പരിഷതിന്റെ മുതിര്‍ന്ന നേതാവും ഇടത് ചിന്തകനുമായ എംപി പരമേശ്വരന് അനുകൂലിച്ച നിലപാടെടുത്ത് രംഗത്തെത്തിയത്.
Discussion about this post