കാസര്‍ഗോഡ്: നോട്ട് പിന്‍വലിക്കലിനെ അനുകൂലിച്ച് ബ്ലോഗില്‍ കുറിപ്പെഴുതിയതിനെതിരെ രൂക്ഷ വിമര്‍ശനം നേരിടുന്ന നടന് മോഹന്‍ലാലിനെ പിന്തുണച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്. മോഹന്‍ലാലിനെതിരേയുള്ള ആക്രമണത്തിന് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്ന് സുരേന്ദ്രന് ആരോപിക്കുന്നു. ഇത് തുടങ്ങിയിട്ട് കുറേ നാളുകളായി. മോഹന്‍ലാലിന്റെ കഥാപാത്രങ്ങളുടെ ജാതിയും മതവും കണ്ടെത്തി വ്യാഖ്യാനിക്കാനുള്ള കുത്സിതനീക്കം കേരളം കാണുന്നുണ്ട്. ബിജെപി വിരുദ്ധ മഹാസഖ്യത്തിലെ നെടുംതൂണായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞതേ അദ്ദേഹവും പറഞ്ഞുള്ളൂ എന്നും സുരേന്ദ്രന് വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണ രൂപം:
മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിനെതിരെയുള്ള ആക്രമണത്തിനു പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങള്‍ കൂടിയുണ്ടെന്നാണ് കരുതാനാവുക. ചില ആളുകള്‍ പാത്തും പതുങ്ങിയും അടക്കംപറച്ചില്‍ തുടങ്ങിയിട്ട് നാളു കുറെയായി. മോഹന്‍ലാലിന്റെ കഥാപാത്രങ്ങളുടെ ജാതിയും മതവും കണ്ടെത്തി വ്യാഖ്യാനിക്കാനുള്ള കുത്സിതനീക്കം കേരളം കാണുന്നുണ്ട്. സിനിമയിലും പൊതുനിലപാടുകളിലും വഴി സ്വാഭാവികമായി ഉരുത്തിരിഞ്ഞുവന്നിട്ടുള്ള ഒരു പാട്രിയോട്ടിക് തരംഗം സമൂഹത്തിലെ ചില തല്‍പ്പരകക്ഷികള്‍ക്ക് രസിക്കുന്നില്ല എന്നതാണ് സത്യം. അവരാണ് മോഹന്‍ലാലിനെ ഒരു പക്ഷത്തേക്ക് ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കുന്നത്. ബിജെപി വിരുദ്ധ മഹാസഖ്യത്തിലെ നെടുംതൂണായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞതേ ലാലും പറഞ്ഞുള്ളൂ.
Discussion about this post