കോഴിക്കോട്: മലാപ്പറമ്പ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മലാപ്പറമ്പ് എയുപി സ്കൂള്‍ ഇനി മലാപ്പറമ്പ് ഗവണ്മെന്റ് യുപി സ്കൂള്‍ ആവും. സ്കൂളിനെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ സ്കൂളിലെത്തിയ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് സ്കൂളിനെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു കോടി രൂപ സര്‍ക്കാര്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മലപ്പറമ്പ് സ്കൂള്‍ മോഡലില്‍ സംസ്ഥാനത്ത് അടച്ച് പൂട്ടിയ മറ്റ് മൂന്ന് സ്കൂളുകളും അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സ്കൂള്‍ അടച്ചുപൂട്ടുന്നതിനെതിരേ മാസങ്ങളായി സ്കൂള്‍മുറ്റത്ത് പ്രദീപ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ സമരത്തിനാണ് വിദ്യാഭ്യാസമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഇന്നലെ അവസാനമായത്.
കഴിഞ്ഞ ദിവസമാണ് മനേജര്‍ പത്മരാജന്റെ സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനിതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയത്. സ്കൂള്‍ പൂട്ടിയ ശേഷം കഴിഞ്ഞ അഞ്ചുമാസവും 15 ദിവസവുമായി കുട്ടികള്‍ കോഴിക്കോട് കളക്റ്ററേറ്റിലെ താത്കാലിക കെട്ടിടത്തിലായിരുന്നു പഠിച്ചിരുന്നത്. കോടതി ഉത്തരവിന്റെ ബലത്തില്‍ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി സ്കൂള്‍ ഏറ്റെടുക്കാനായി വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് തന്നെ നേരിട്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെ മന്ത്രിയെത്തിയെങ്കിലും കളക്റ്ററേറ്റില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വൈകുന്നേരം നാലായി. സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തിനുള്ള നഷ്ടപരിഹാരമായി മൂന്‍കൂട്ടി തീരുമാനിച്ച തുക മാനേജര്‍ക്ക് മൂന്നുമാസത്തിനുളളില്‍ നല്‍കാമെന്ന രേഖാമുലമുള്ള ഉറപ്പും കളക്ടര്‍ എന്‍.പ്രശാന്ത് മാനേജര്‍ക്ക് നല്കി.
Discussion about this post