വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് കുറഞ്ഞ വോട്ടുകള്‍ക്കു വിജയം നേടിയ വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തെ വോട്ടുകള്‍ വീണ്ടും എണ്ണും. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്‌റ്റെയ്ന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. പത്തു സീറ്റുള്ള വിസ്‌കോണ്‍സിനില്‍ ഡിസംബര്‍ 10നകം വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. മൂന്നു നിര്‍ണായക സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് വിസ്‌കോന്‍സിനില്‍ ഈ നടപടി.
മിഷിഗണ്‍, പെന്‍സില്‍വേനിയ എന്നിവയാണു മറ്റു രണ്ടു സംസ്ഥാനങ്ങള്‍. ഇവിടെയും വോട്ടെണ്ണലിന് ഔദ്യോഗികമായി ആവശ്യമുന്നയിക്കാനുള്ള നീക്കത്തിലാണു ജില്‍ സ്‌റ്റെയ്ന്‍. വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ അതിനുള്ള ചെലവും വഹിക്കണമെന്നാണു നിയമം. ഇതിനായി 52 ലക്ഷം ഡോളറിലേറെ (35 കോടി രൂപ) ജില്‍ സ്‌റ്റെയ്ന്‍ സമാഹരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇവര്‍ സമാഹരിച്ച തുകയെക്കാള്‍ കൂടുതലാണിത്. വോട്ടെണ്ണലും വീണ്ടും വോട്ടെണ്ണലുമെല്ലാം തെരഞ്ഞെടുപ്പു കഴിഞ്ഞു 35 ദിവസത്തിനകം പൂര്‍ത്തിയാക്കണം എന്നതാണു യുഎസിലെ നിയമം. ഈ സമയപരിധി ഡിസംബര്‍ 13ന് ആണ് അവസാനിക്കുക.
ഡിസംബര്‍ 19ന് ആണ് ഇലക്ടറല്‍ കോളജ് പ്രതിനിധികള്‍ ഒത്തുചേര്‍ന്നു പ്രസിഡന്റിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നത്. റഷ്യന്‍ ഹാക്കര്‍മാര്‍ കടന്നുകയറി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തി എന്നതാണു പ്രധാന ആരോപണം. മിഷിഗണ്‍ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ യന്ത്രത്തിനൊപ്പം ബാലറ്റ് പേപ്പറുമുണ്ട്. യന്ത്രത്തില്‍ ചെയ്ത വോട്ടിന്റെ സ്ലിപ് കൂടി സൂക്ഷിച്ചുവയ്ക്കുന്ന രീതിയാണിത്. തര്‍ക്കം ഉയര്‍ന്നാല്‍ ഈ കടലാസ് ബാലറ്റും എണ്ണേണ്ടി വരും.
Discussion about this post